അഞ്ചാം മന്ത്രി: കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധം

single-img
25 March 2012

മഞ്ഞളാംകുഴി അലിക്കു മന്ത്രി സ്ഥാനം നല്കാത്തതില്‍ പ്രതിഷേധിച്ചു മുസ്‌ലിംലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുന്നില്‍ യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം. പാണക്കാടിനടുത്ത കാരാത്തോട്ടെ വസതിക്കു മുമ്പിലാണ് അമ്പതിലധികം വരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇന്നലെ വൈകിട്ട് 5.30നാണു മഞ്ഞളാംകുഴി അലിക്ക് നിര്‍ണായക സ്വാധീനമുള്ള അങ്ങാടിപ്പുറം പഞ്ചായത്തിലെ ചില യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകയുമായി എത്തി പ്രകടനം നടത്തിയത്. മാസം 28നകം അലിക്കു മന്ത്രി സ്ഥാനം ലഭിക്കണമെന്നും അല്ലാത്തപക്ഷം മുസ്‌ലിംലീഗിന്റെ നാലു മന്ത്രിമാരെ വഴിതടയുമെന്നും സമരക്കാര്‍ പറഞ്ഞു. പ്രതിഷേധവുമായി എത്തിയവരില്‍ ഏറെപ്പേരും അങ്ങാടിപ്പുറം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ മണ്ണാറമ്പില്‍ നിന്നുള്ളവരായിരുന്നു. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍ അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചിട്ടും, അതു പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത മുസ്‌ലിംലീഗ് മന്ത്രിമാര്‍ക്കു തുടരാന്‍ അര്‍ഹതയില്ലെന്നും അവര്‍ രാജിവച്ച് ഇറങ്ങിപ്പോകണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.