പാമോയില്‍ കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 24ലേക്ക് മാറ്റി

single-img
24 March 2012

പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കികൊണ്ടള്ള തുടരന്വേഷണ റിപ്പോര്‍ട്ടും, കേസില്‍ കക്ഷി ചേര്‍ക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ഹര്‍ജിയും പരിഗണിക്കുന്നത് തൃശൂര്‍ വിജിലന്‍സ് കോടതി അടുത്ത മാസം 24ലേക്ക് മാറ്റി. വി.എസിന്റെ ഹര്‍ജിക്ക് പുറമെ കേസില്‍ നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അല്‍ഫോണ്‍സ് കണ്ണന്താനം നല്‍കിയ ഹര്‍ജിയും വിഎസിന്റെയും കണ്ണന്താനത്തിന്റെയും ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ അഞ്ജു നല്‍കിയ ഹര്‍ജിയുമാണ് അടുത്തമാസം 24ന് കോടതി പരിഗണിക്കുക.

വിഎസിന്റെയും കണ്ണന്താനത്തിന്റെയും ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ വിജിലന്‍സ് എസ്.പി മുഖേന ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വി.എസിന് കേസില്‍ ഇടപെടാന്‍ അവകാശമില്ലെന്നും പാമോയില്‍ കേസില്‍ പരാതിക്കാരന്‍ വി.എസ്.ആയിരുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ഉമ്മന്‍ ചാണ്ടി മാത്രമല്ല മുഴുവന്‍ പ്രതികളും രക്ഷപെടുമെന്ന് വി.എസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇടമലയാര്‍ കേസില്‍ കക്ഷി അല്ലാതിരുന്നിട്ടും വി.എസിന്റ വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ച കാര്യം വി.എസിന്റ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.