കൊച്ചി തുറമുഖത്ത് എണ്ണ ഖനന പദ്ധതിയില്ല

single-img
24 March 2012

കൊച്ചി തീരത്തെ എണ്ണഖനന പദ്ധതിക്ക് അനുമതി നല്‍കേണെ്ടന്ന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. വരുമാനമുണ്ടാകില്ലെന്ന കാരണത്താലാണ് കേരളത്തിലേതടക്കം 14 പദ്ധതികള്‍ക്ക് അനുമതി നിഷേധിച്ചത് . 16 ഇടങ്ങളിലെ എണ്ണ പ്രകൃതിവാതക ഖനനപദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. അനുമതി ലഭിക്കാത്ത പദ്ധതികള്‍ സര്‍ക്കാരിന് വാഗ്ദാനം ചെയ്തത് 6.7 ശതമാനം ലാഭവിഹിതം മാത്രമാണ്. ഒഎന്‍ജിസി, ബിപിആര്‍എല്‍ കമ്പനികള്‍ സംയുക്തമായാണ് കൊച്ചിതീരത്ത് എണ്ണഖനനത്തിന് അനുമതി തേടിയത്.

കേരള തീരം ഉള്‍പ്പെടുന്ന കേരള കൊങ്കണ്‍ തടത്തില്‍ ഇന്ധന എണ്ണയുടെ അടിസ്ഥാന ഘടകമായ ഹൈഡ്രോ കാര്‍ബണിന്റെ 660 മില്യണ്‍ മെട്രിക് ടണ്‍ (66 കോടി ടണ്‍) നിക്ഷേപസാധ്യതയുള്ളതായി സാധ്യതാ പഠനത്തില്‍ കണെ്ടത്തിയിരുന്നു. ഇതേ തുടര്‍ന്ന് വന്‍ പ്രതീക്ഷയുമായി 2009 ഓഗസ്റ്റ് രണ്ടിന് കൊച്ചി തീരത്ത് ഖനനവും ആരംഭിച്ചു. കൊച്ചി തീരത്തു നിന്ന് 130 കിലോമീറ്റര്‍ അകലെ കടലിന് രണ്ട് കിലോമീറ്റര്‍ വരെ ആഴമുള്ള ഭാഗത്തായിരുന്നു ഖനനം. റിലയന്‍സില്‍ നിന്നു വാടകയ്‌ക്കെടുത്ത ധീരുഭായ് അംബാനി എന്ന റിഗ് ഉപയോഗിച്ചായിരുന്നു പര്യവേക്ഷണം. റിഗ് വാടക ഉള്‍പ്പെടെ ഒരു ദിവസം അഞ്ചു കോടി രൂപയോളമായിരുന്നു ഖനനത്തിന്റെ ചെലവ്.100 ദിവസം നിശ്ചയിച്ച് ആരംഭിച്ച ഖനനം 135 ദിവസം കൊണ്ടാണ് 6500 മീറ്റര്‍ ആഴം എന്ന ലക്ഷ്യത്തിലെത്തിയത്. 400 കോടി രൂപ മുടക്കുമുതല്‍ നിശ്ചയിച്ചിരുന്ന ഖനനനത്തിന് 600 കോടിയോളം രൂപ ചെലവായിരുന്നു.