കേരള യൂണിവേഴ്സിറ്റിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

single-img
24 March 2012

കേരളത്തിലെ മാതൃ സർവകലാശാല എന്നറിയപ്പെടുന്ന കേരള യൂണിവേഴ്സിറ്റിയുടെ സുവർണ്ണ കാലത്തെ തിരികെ കൊണ്ട് വരണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.സർവകലാശാലയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ആരംഭോദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സെനറ്റ് ഹാളിൽ വെച്ച് നടന്ന ചടങ്ങിന് വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് അധ്യക്ഷത വഹിച്ചു.സർവ്വകലാശാലകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിച്ചാൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നും ഈ ഒരു ലക്ഷ്യവുമായി ഗ്ലോബൽ എജ്യൂക്കേഷൻ മീറ്റ് സംഘടിപ്പിക്കുമെന്നും അദേഹം പറഞ്ഞു.
ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ മുൻ വൈസ് ചാൻസലർമാരായ ഡോ.ജി.ബാലമോഹൻ തമ്പി, ഡോ.ജെ.വി.വിളനിലം, ഡോ.ബി.ഇക്ബാൽ, ഡോ.എം.കെ.രാമചന്ദ്രൻ നായർ എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു.മന്ത്രി കെ.സി.ജോസഫ് നവീകരിച്ച സെനറ്റ് ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു.മന്ത്രി വി.എസ്.ശിവകുമാർ,എം.പി.മാരായ എ.സമ്പത്ത്,എൻ.പീതാംബരക്കുറുപ്പ്,മേയർ ജെ.ചന്ദ്രിക,ജമീല പ്രകാശം എം.എൽ.എ.,ഉന്നത വിദ്യാഭ്യാസ കൌൺസിൽ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസൻ,പ്രൊ വൈസ് ചാൻസലർ ഡോ.ജെ.പ്രഭാഷ്,സർവകലാശാല യൂണിയൻ ചെയർമാൻ എം.ഹരികുമാർ,സിൻഡിക്കേറ്റ് അംഗം പി.എസ്.ശ്രീകല എന്നിവർ ആശംസകൾ നേർന്നു.വൈസ് ചാൻസലർ എ.ജയകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സിൻഡിക്കേറ്റംഗം ചാമക്കാല ജ്യോതികുമാർ നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് യൂണിവേഴ്സിറ്റി യുവജനോത്സവ വിജയികളുടെ കലാപരിപാടികളും ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോയും അരങ്ങേറി.