പെട്രോള്‍ വില ഈ മാസം കൂട്ടിയേക്കും

single-img
23 March 2012

ഈമാസം അവസാനത്തോടെ പെട്രോള്‍ വില കൂട്ടിയേക്കുമെന്നു സൂചന. വില വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വ്യക്തമാക്കിയതിനു പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി എസ്. ജയ്പാല്‍ റെഡ്ഢിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനം കൈക്കൊള്ളാനാവില്ലെന്നും മന്ത്രിസഭയുടെ ഉന്നതതല സമിതിയുമായി ആലോചിച്ച് തീരുമാനത്തില്‍ എത്തുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

പെട്രോളിന്റെ വില നിയന്ത്രണാവകാശം എടുത്തുകളഞ്ഞതു പോലെ ഡീസലിന്റെ വിലനിയന്ത്രണവും എടുത്തുകളയാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും ജയ്പാല്‍ റെഡ്ഢി വെളിപ്പെടുത്തി. സമവായത്തോടെയാകും തീരുമാനം നടപ്പാക്കുക. അതിന് ഉചിതമായ സമയമാണിത്. ഇക്കാര്യത്തില്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്. കേന്ദ്ര മന്ത്രിസഭയുടെ ഉന്നതാധികാര സമിതി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം സൂചിപ്പിച്ചു.