മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടയിടി ഒഴിവായി

single-img
23 March 2012

മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടയിടി തലനാരിഴയ്ക്ക് ഒഴിവായി. അഞ്ഞൂറോളം യാത്രക്കാരാണ് ഭാഗ്യം കൊണ്ടു മാത്രം വന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത്. ഇന്നലെയായിരുന്നു സംഭവം. ആശയവിനിമയത്തിലുണ്ടായ പിഴവ് മൂലം മൂന്ന് ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ ഒരേ സമയം റണ്‍വേയിലെത്തിയതാണ് വിനയായത്. റണ്‍വേയിലുണ്ടായിരുന്ന മുംബൈ-ഉദയ്പൂര്‍ 9 ഡബ്ല്യൂ 2073-ാം നമ്പര്‍ വിമാനം പറന്നുയരാന്‍ തയാറെടുക്കുകയായിരുന്നു. എന്നാല്‍ മറ്റൊരു വിമാനം റണ്‍വേയില്‍ പറന്നുയരാന്‍ തയാറായി കിടന്നതിനാല്‍ മുംബൈ-ഉദയ്പൂര്‍ വിമാനത്തിന്റെ ടേക്ക് ഓഫ് വൈകുകയായിരുന്നു. ഇതിനിടെ നാഗ്പൂരില്‍ നിന്നും വന്ന വിമാനത്തിനും ലാന്‍ഡിംഗിന് അനുമതി നല്‍കി. മുംബൈ-ഉദയ്പൂര്‍ വിമാനം 55 മിനുട്ട് വൈകിയുമായിരുന്നു പുറപ്പെട്ടത്. എന്നാല്‍ തക്ക സമയത്ത് എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍ നിന്നും അപായ മുന്നറിയിപ്പ് ലഭിച്ചതിനാലാണ് ദുരന്തം വഴിമാറിയത്.