എ.എസ്.പി ഹരിദത്തിന്റെ ആത്മഹത്യ: ഭാര്യയുടെ മൊഴിയെടുത്തു

single-img
23 March 2012

സമ്പത്ത് കസ്റ്റഡി മരണക്കേസ് അന്വേഷിച്ച സിബിഐ എഎസ്പി പി.ജി. ഹരിദത്ത് ആത്മഹത്യചെയ്തത് താങ്ങാനാവാത്ത സമ്മര്‍ദ്ദംമൂലമാണെന്ന് ഭാര്യ നിഷയുടെ മൊഴി. ഹരിദത്തിന്റെ ആത്മഹത്യാകുറിപ്പിലെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്ന മൊഴിയാണ് നിഷ നല്‍കിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. തൊഴില്‍ സംബന്ധമായി ഒട്ടേറെ സമ്മര്‍ദം ഹരിദത്ത് അനുഭവിച്ചിരുന്നതായാണ് നിഷ മൊഴി നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് കേസ് അന്വേഷിക്കുന്ന റൂറല്‍ ഡിവൈഎസ്പി ആര്‍. സലീമിന്റെ നേതൃത്വത്തിലുള്ള സംഘം നിഷയില്‍ നിന്നും മൊഴിയെടുത്തത്. മറ്റു മൂന്നു ബന്ധുക്കളില്‍ നിന്നും സംഘം മൊഴിയെടുത്തു.

ഇതിനിടെ കേസില്‍ ഫോറന്‍സിക് പരിശോധനയില്‍ മുന്‍ഗണന നല്‍കണമെന്ന് ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ കെ.എന്‍. രാജി തിരുവനന്തപുരം ഫോറന്‍സിക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ആത്മഹത്യാകുറിപ്പ് ഹരിദത്തിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കുന്നതിനാണ് പരിശോധന. ആത്മഹത്യാകുറിപ്പും പോലീസിന്റെ ഫോര്‍വേഡിംഗ് ലെറ്ററും മറ്റ് രേഖകളും ഇതോടൊപ്പം കൈമാറിയിട്ടുണ്ട്.