ഗവിയിലേക്കുള്ള സഞ്ചാര നിരോധനത്തിനെതിരെ പ്രതിഷേധം

single-img
23 March 2012

കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയ ഗവിയിലേക്കുള്ള സഞ്ചാര നിരോധനത്തിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം. ഇന്നലെ കിളിയെറി ഞ്ഞാന്‍കല്ല് ചെക്ക്‌പോസ്റ്റിലേക്കു മാര്‍ച്ചു നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ ക്രോസ് ബാര്‍ തകര്‍ത്തതോടെ നിരോധനം ആദ്യദിനത്തില്‍ പാളി.

വേനല്‍ക്കാലത്തു കാട്ടുതീ പടരാനുള്ള സാധ്യതയും മൃഗങ്ങള്‍ പുറത്തേക്കിറങ്ങുന്നതും കാരണമാണ് വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. നിലവിലുള്ള നിരോധനം ഏപ്രില്‍ 15വരെയാണ്. ആങ്ങമൂഴി – ഗവി റൂട്ടിലാണ് നിരോധനം. വാഹനങ്ങള്‍ കിളിയെറിഞ്ഞാന്‍കല്ല് ചെക്ക് പോസ്റ്റില്‍ ഇന്നലെ തടയാനായിരുന്നു തീരുമാനം. എന്നാല്‍ വാഹനങ്ങള്‍ കടത്തിവിടുന്നതു തടയാനുള്ള തീരുമാനത്തിനെതിരേ സിപിഎം അടക്കമുള്ള രാഷ്ട്രീയകക്ഷികള്‍ ഇന്നലെ രംഗത്തെത്തുകയായിരുന്നു. വനം, കെഎസ്ഇബി, കെഎസ്ആര്‍ടിസി എന്നിവ ഒഴികെയുള്ള വാഹനങ്ങള്‍ തടയാനാണ് വനംവകുപ്പ് തീരുമാനിച്ചിരുന്നത്. സിപിഎം സമരത്തേ തുടര്‍ന്നു വാഹനം തടയാനുള്ള ശ്രമം വിജയിച്ചില്ല. തുടര്‍ന്നു ചെക്ക്‌പോസ്റ്റു കടന്ന വാഹനങ്ങള്‍ പച്ചക്കാനത്തു തടയേണ്ടിവന്നു.

നൂറു കണക്കിനു സഞ്ചാരികള്‍ വന്നുപോകുന്ന ഗവി റൂട്ടില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ വനംവകുപ്പ് ഏകപക്ഷീയമായി തീരുമാനിച്ചാല്‍ അതിനെ ചെറുക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികളും ഇതുവഴി കടന്നുപോകുന്നുണ്ട്. നിരോധനം പ്രായോഗികമല്ലെന്നും നിയന്ത്രണം ആകാമെന്നുമുള്ള നിലപാടാണ് നാട്ടുകാര്‍ക്കുള്ളത്. നിയന്ത്രണം ഉള്ളപ്പോഴും ഇതു വ്യക്തമായ മാര്‍ഗനിര്‍ദേശത്തിന്റെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രചാരണം നല്കിവേണം നടപ്പാക്കാനെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. സിപിഎം ലോക്കല്‍ സെക്രട്ടറി പ്രമോദിന്റെ നേതൃത്വ ത്തിലാണ് മാര്‍ച്ച് നടത്തിയത്. ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.