സി.കെ.ചന്ദ്രപ്പന്‍ ഓര്‍മ്മയായി

single-img
23 March 2012

രാഷ്ട്രീയ കേരളത്തില്‍ ആദര്‍ശത്തിന്റെ പ്രതീകമായിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. രാത്രി പതിനൊന്നരയോടെ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ആയിരങ്ങളാണ് തങ്ങളുടെ പ്രിയനേതാവിനെ അവസാനമായി ഒരു നോക്കു കാണാനെത്തിയത്.

സി.കെ. ചന്ദ്രപ്പന്റെ മൂത്ത ജേഷ്ഠന്റെ മക്കളായ മനോജും ദിലീപുമാണ് ചിതയ്ക്ക് തീ കൊളുത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയതിനാല്‍ നിശ്ചയിച്ചതിലും ഏറെ വൈകിയാണ് പുന്നപ്ര- വയലാര്‍ രക്തസാക്ഷികളും കമ്യൂണിസ്റ്റ് നേതാക്കളായ പി. കൃഷ്ണപിള്ള, ടി.വി. തോമസ്, ആര്‍. സുഗതന്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍, പി.ടി. പുന്നൂസ് തുടങ്ങിയ നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിലേക്ക് സി.കെയുടെ ഭൗതികദേഹം എത്തിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, മന്ത്രിമാരായ കെ.എം.മാണി, കെ.ബാബു, ഷിബു ബേബി ജോണ്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മറ്റു പ്രമുഖ നേതാക്കള്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.