മലയാള ഭാഷയ്ക്ക് പ്രണാമമായി ഇവാനോ ഫെസ്റ്റ് 2012

single-img
22 March 2012

ബീന അനിത

തലസ്ഥാന നഗരിയിൽ ആദ്യമായി ഒരു കലാലയം ആതിഥേയത്വം വഹിക്കുന്ന ഇന്റർ കോളേജ് മലയാള കലോത്സവത്തിന് മാർ ഇവാനിയോസ് കോളേജ് അങ്കണത്തിൽ ഇന്ന് തുടക്കം.മലയാള ഭാഷ എന്ന വിഷയത്തിലൂന്നി വൈവിധ്യാത്മകമായ നിരവധി മത്സരങ്ങളാണ് ഇവാനോ ഫെസ്റ്റ് 2012 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.വിവിധ കോളേജുകളിൽ നിന്നുള്ള നൂറ് കണക്കിന് കുട്ടികൾ തങ്ങളുടെ കഴിവുകൾ മാറ്റുരക്കാൻ എത്തുന്നുണ്ട്.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ ആകെ പത്ത് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.ആദ്യ വിഭാഗത്തിൽ “മുദ്ര” എന്ന പേരിൽ ഗ്രൂപ്പ് ഡാൻസ് മത്സരങ്ങളാണ് നടക്കുന്നത്.തുടർന്ന് ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയരായവർക്കായി മലയാള ഗാനങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള “താളം” തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം നൽകുന്നു.“ഉത്തമ മലയാളി” മലയാള ഭാഷയിലുള്ള മികവ് തെളിയിക്കുന്നതിനുള്ള അവസരം നൽകുന്നു.ആക്ഷേപ ഹാസ്യത്തിലധിഷ്‌ഠിതമായ തെരുവ് നാടകങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ളവർക്ക് അവസരം നൽകുന്നതാണ് “മാന്യ മഹാജനങ്ങളെ”.തുടർന്ന് “മലയാണ്മ” എന്ന പേരിൽ നടക്കുന്ന ക്വിസ് മത്സരം മലയാള നാടിനെയും ഭാഷയെയും കുറിച്ചുള്ളതാണ്.മലയാള ഭാഷയിലൂടെ വേദിയിൽ മായാജാലം നടത്തുവാൻ കഴിവുള്ളവർക്കായി “വാഗ്മി” യാണ് അടുത്തത്.ക്യാമറ കണ്ണുകളിലൂടെ പ്രകൃതിയെ മനോഹരമായി ഒപ്പിയെടുക്കാൻ കഴിവുള്ളവർക്കായി “മിഴി” എന്ന പേരിൽ ഫോട്ടോഗ്രാഫി മത്സരവും ഉണ്ട്.തുടർന്ന് “ഭാ‍വന“ യിൽ കാർട്ടൂണുകളിലൂടെ വിജയം നേടാനുള്ള അവസരമാണ്.“സർഗ്ഗം” മലയാളത്തിലുള്ള സർഗ്ഗാത്മകമായ രചനാ വൈഭവങ്ങൾക്കുള്ള വേദിയാണ്.അവസാനമായി “നേർക്കുനേർ” എന്ന പേരിലുള്ള സംവാദ മത്സരമാണ്.ഇവയിലെല്ലാം പങ്കെടുക്കുന്നതിനായി സൌജന്യ രജിസ്ട്രേഷൻ ചെയ്യുന്നതിനായി നേരിട്ടു മാർ ഇവാനിയോസ് കോളേജിൽ എത്തുകയോ ഫോൺ വഴി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവർക്ക് സൌജന്യ താമസസൌകര്യം ഒരുക്കിയിട്ടുണ്ട്.