സി.കെ. ചന്ദ്രപ്പന്‍ അന്തരിച്ചു

single-img
22 March 2012

 കേരളത്തിലെ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.ഐയുടെ കരുത്തുറ്റ നേതാവും തൊഴിലാള വര്‍ഗ്ഗപാര്‍ട്ടിയുടെ മുന്നണിപ്പോരാളിയുമായിരുന്ന സി.കെ ചന്ദ്രപ്പന്‍ അന്തരിച്ചു. സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് മരണം.
തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങളോടെ ഇന്നലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രാവിലെ അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കി. പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുള്ള സിപിഐ നേതാക്കള്‍ ആശുപത്രിയിലുണ്ടായിരുന്നു.

ഇന്നു വൈകുന്നേരം മൂന്നര മുതല്‍ നാളെ രാവിലെ ഏഴ് മണി വരെ സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എന്‍. സ്മാരകത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ചേര്‍ത്തലയിലേയ്ക്ക് കൊണ്ടുപോകും. ആറ്റിങ്ങല്‍, ചാത്തന്നൂര്‍, കൊല്ലം, കരുനാഗപ്പള്ളി, കെ.പി.എ.സി. ഹരിപ്പാട്, ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ്, എസ്.എല്‍.പുരം, ചേര്‍ത്തല, വയലാര്‍, ചന്ദ്രപ്പന്റെ ജനിച്ച സി.കെ.കുമാരപ്പണിക്കരുടെ വീട് എന്നിവിടങ്ങളില്‍ അന്ത്യോപചാരം ഏറ്റുവാങ്ങിയശേഷം തിരിച്ച് ആലപ്പുഴയ്ക്ക് വൈകീട്ട് ഏഴു മണിക്ക് കൊണ്ടുവന്ന് വലിയചുടുകാട്ടില്‍ സംസ്‌കാരം നടത്തും.