പിറവത്തെ ഇളക്കിമറിച്ച് യുഡിഎഫിന്റെ ആഹ്ലാദ പ്രകടനം

single-img
21 March 2012

പിറവത്തെ ഇളക്കിമറിച്ച് യുഡിഎഫിന്റെ ആഹ്ലാദ പ്രകടനം. മണ്ഡലം സാക്ഷ്യം വഹിച്ച ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവില്‍ അനൂപ് വ്യക്തമായ ഭൂരിപക്ഷം നേടിയ ഘട്ടം മുതല്‍ വോട്ടെണ്ണല്‍ കേന്ദ്രമായ മൂവാറ്റുപുഴ നിര്‍മലഗിരി ജൂനിയര്‍ സ്‌കൂളിന്റെ പരിസരത്തും പിറവം മണ്ഡലത്തിലും യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചിരുന്നു. പിറവം ടൗണില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയായിരുന്നു വോട്ടെണ്ണല്‍ കേന്ദ്രം. അനൂപിന്റെ കൂറ്റന്‍ കട്ടൗട്ടറുകളും ‘മന്ത്രി അനൂപിന് അഭിവാദ്യങ്ങള്‍’ എന്നെഴുതിയ ബാനറുകളും ഉയര്‍ത്തിയായിരുന്നു ആഹ്ലാദപ്രകടനം. അനൂപിന്റെ ലീഡ് നില 10,000 കടന്നതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടുകയായിരുന്നു. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് വിജയം ആഘോഷിച്ചത്.