ബാഴ്സയുടെ രാജാവ് മെസ്സി

single-img
21 March 2012

ലോകത്തെ ഏറ്റവും മികച്ചതാരമെന്ന ബഹുമതി കഴിഞ്ഞ മൂന്ന് വർഷമായി തന്റെ കിരീടത്തിലേന്തുന്ന മെസ്സിയ്ക്ക് ബാഴ്സയുടെ രാജാവായി പട്ടാഭിഷേകം.ക്ലബ്ബിന്റെ ചരിത്രത്തിൽ എറ്റവും കൂടുതൽ ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയ അർജന്റീനയുടെ ഈ പ്രിയപുത്രനു മുന്നിൽ ഫുട്ബോൾ ലോകം മുഴുവൻ ശിരസ്സ് നമിക്കുന്നു.ഒരു കളിക്കാരനെ സംബന്ധിച്ച് ഏറ്റവും മനോഹരമായ രീതിയിൽ ഹാട്രിക്കിന്റെ അകന്വടിയോടെയാണ് മെസ്സി തന്റെ മഹാനായ മുൻഗാമി സെസാർ റോഡ്രിഗ്സിന്റെ 232 ഗോളുകളുടെ റെക്കോർഡ് മറി കടന്നത്.ബാഴ്സയുടെ തട്ടകമായ നൌകാന്വിൽ അരങ്ങേറിയ ലാ ലിഗ മത്സരത്തിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി ഗ്രനാഡയ്ക്കെതിരെ മെസ്സി നേടിയ രണ്ടാമത്തെ ഗോളാണ് വീര യോദ്ധാവിന്റെ കീരീടധാരണത്തിന്റെ കാഹളം മുഴക്കിയത്.ഹാട്രിക്കോട് കൂടി മെസ്സിയുടെ ഗോൾ വേട്ടയിൽ 234 എണ്ണം തികഞ്ഞു. മത്സരത്തിൽ 5-3 ബാഴ്സ ജയിക്കുന്വോൾ നിറഞ്ഞു നിന്നത് മെസ്സി മാത്രം. ഈ സീസണിൽ ഇതുവരെ 45 മത്സരങ്ങളിൽ നിന്നായി 54 ഗോളുകൾ ആയിക്കഴിഞ്ഞു അദ്ദേഹത്തിന്റെ നേട്ടം.ലീഗിൽ തുടർച്ചയായ നാലാം കിരീടത്തിന് പോരാടുന്ന ബാഴ്സയ്ക്ക് കൂടുതൽ ഊർജം പകരുന്നതായി ഈ വിജയം.28 മത്സരങ്ങളിൽ നിന്നായി 66 പോയന്റുകളാണ് അവർ ഇതു വരെ നേടിയത്.ഒരു മത്സരം കുറച്ച് കളിച്ച റയൽ മാഡ്രിഡ് 71 പോയന്റുമായി ബാഴ്സയ്ക്ക് മുന്നിലുണ്ട്.