ഇന്റര്‍ബാങ്ക് മൊബൈല്‍ പേയ്‌മെന്റ് സേവനവുമായി ഫെഡറല്‍ ബാങ്ക്

single-img
21 March 2012

ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോക്താക്കള്‍ക്കു തത്സമയ ഫണ്ട് ട്രാന്‍സ്ഫര്‍ സൗകര്യം ലഭ്യമാക്കുന്ന ഇന്റര്‍ബാങ്ക് മൊബൈല്‍ പേയ്‌മെന്റ് സര്‍വീസ് (ഐഎംപിഎസ്) നടപ്പാക്കിക്കൊണ്ട് ഈ സേവനം ആരംഭിക്കുന്ന ആദ്യ ബാങ്ക് എന്ന ബഹുമതി ഫെഡറല്‍ ബാങ്ക് നേടി. ഇന്നലെ ഈ സൗകര്യം ലഭ്യമായിത്തുടങ്ങി. നിലവില്‍ നെഫ്റ്റ് എന്ന സംവിധാനത്തിലൂടെയാണ് ബാങ്കുകള്‍ ഇന്റര്‍ബാങ്ക് ഫണ്ട് ട്രാന്‍സ്ഫറുകള്‍ നടത്തുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ഏഴു വരെ ബാച്ചുകളായാണ് നെഫ്റ്റില്‍ ട്രാന്‍സ്ഫറുകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്. പ്രവൃത്തിസമയത്തിന്റെ പരിമിതിയും നെഫ്റ്റിനുണ്ട്.

എന്നാല്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) ഫെഡറല്‍ ബാങ്ക് ആരംഭിച്ച ഐഎംപിഎസ് സേവനത്തിലൂടെ തത്സമയ ട്രാന്‍സ്ഫര്‍ സാധ്യമാകും. ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക് ഐഎംപിഎസ് ശൃംഖലയുടെ കീഴില്‍ വരുന്ന ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് തത്സമയം പണം ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന സൗകര്യമാണ് ഇതോടെ ലഭ്യമാകുന്നത്.

പണം സ്വീകരിക്കുന്ന ആളുടെ അക്കൗണ്ട് നമ്പറും ബാങ്കിന്റെ ഐഎഫ്എസ്‌സി കോഡും ഇല്ലാതെ തന്നെ ഈ ട്രാന്‍സ്ഫര്‍ നടപ്പാക്കാം. വര്‍ഷത്തില്‍ 365 ദിവസവും 24 മണിക്കൂറും ഇടതടവില്ലാതെ ഈ സേവനം ഫെഡ്‌നെറ്റിലൂടെ ലഭ്യമാക്കിക്കഴിഞ്ഞെന്ന് ഫെഡറല്‍ ബാങ്കിന്റെ പത്രക്കുറിപ്പില്‍ അറിയിച്ചു.