അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ നാളെ

single-img
21 March 2012

പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അനൂപ് ജേക്കബ്ബ് എം.എല്‍.എയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. മറ്റെന്നാള്‍ ബജറ്റ് ചര്‍ച്ച പൂര്‍ത്തിയാക്കി നിയമസഭ പിരിയുന്നതിനാല്‍ നാളെത്തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാക്കളും യു.ഡി.എഫ് നേതൃത്വവും നല്‍കുന്ന സൂചന. ഇതു സംബന്ധിച്ച് സ്പീക്കറുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ ചര്‍ച്ച നടത്തികഴിഞ്ഞു.

നാളെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മറ്റു തടസങ്ങളൊന്നുമില്ലെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്. പിതാവ് ടി.എം ജേക്കബ്ബിന്റെ കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന നടത്തിയ ശേഷം കുടുംബാംഗങ്ങളോടൊപ്പമായിരിക്കും അനൂപ് സത്യപ്രതിജ്ഞയ്‌ക്കെത്തുക. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് അര്‍ഹതപ്പെട്ട മന്ത്രിസ്ഥാനം നല്‍കുമെന്ന് നേരത്തെ തന്നെ യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയതാണ്. ഇതനുസരിച്ച് അനൂപിന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞയും ഉടനുണ്ടാകും. ഗവര്‍ണ്ണറുടെ സമയം കൂടി കണക്കിലെടുത്തായിരിക്കും ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക.

മന്ത്രിസ്ഥാനം ആവശ്യപ്പെട്ടുകൊണ്ട് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണിനെല്ലൂരിന്റെ നേതൃത്വത്തില്‍ നാളെത്തന്നെ മുഖ്യമന്ത്രിയ്ക്കും കെ.പി.സി.സി പ്രസിഡന്റിനും യു.ഡി.എഫ് കണ്‍വീനര്‍ക്കും കത്തു നല്‍കും. അടുത്തയാഴ്ച ആദ്യവാരത്തോടെ അനൂപിന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ നടക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വം നല്‍കുന്നവര്‍ നല്‍കുന്ന സൂചന. ടി.എം ജേക്കബ് കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യവകുപ്പ് തന്നെ വേണമെന്ന് നേരത്തെ തന്നെ ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.