പിറവം യു.ഡി.എഫിന്

single-img
20 March 2012

പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിലേക്ക്. ഇടതുപക്ഷത്തിനു മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചോറ്റാനിക്കര, തിരുവാങ്കുളം പഞ്ചായത്തുകളില്‍ നേരിയ ലീഡ് മാത്രമാണ് സിപിഎം സ്ഥാനാര്‍ഥി എംജെ ജേക്കബിനു നേടാനായത്. വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ 8672 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് എത്തി. ഇതുവരെയായി ആറു റൗണ്ടുകളിലെ 113 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി.

തിരുമാറാടി, ഇലഞ്ഞി, പിറവം, കൂത്താട്ടുകുളം പഞ്ചായത്തുകളിലെ ഫലങ്ങള്‍ മാത്രമാണ് ഇനി വരാനുള്ളത്. ഇതില്‍ കൂത്താട്ടുകുളത്ത് മാത്രമാണ് ഇടതുപക്ഷത്തിന് നേരിയ പ്രതീക്ഷയുള്ളത്. ഇതിനാല്‍ തന്നെ അനൂപിന്റെ വിജയത്തിന് തടസമുണ്ടാകില്ലെന്ന് ഉറപ്പാണ്.

ആദ്യ രണ്ടു റൗണ്ടുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എംജെ ജേക്കബ് 43 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് നേടിയത്. ആദ്യം എണ്ണിയ ചോറ്റാനിക്കര, തിരുവാങ്കുളം പഞ്ചായത്തുകളിലെ ആധിപത്യംകൊണ്ട് മറ്റു പഞ്ചായത്തുകളിലെ യുഡിഎഫ് മുന്നേറ്റത്തിന് തടയിടാനാകുമെന്നാണ് എല്‍ഡിഎഫ് കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചിരുന്നതുപോലെ വന്‍ നേട്ടം ഈ എല്‍ഡിഎഫ് മേഖലകളില്‍ നേടാനാകാതിരുന്നത് അവര്‍ക്ക് നിരാശയായി. തുടര്‍ന്ന് മുളന്തുരുത്തി പഞ്ചായത്തിലെ വോട്ടണ്ണല്‍ പൂര്‍ത്തിയായതോടെ അനൂപിന്റെ ഭൂരിപക്ഷം ഉയരുകയായിരുന്നു.

രാവിലെ എട്ടു മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂളിലാണ് വോട്ടെണ്ണലില്‍ പുരോഗമിക്കുന്നത്. പത്തു മണിയോടെ അന്തിമഫലം അറിയാം. തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരായ ഡോ. ഉമാകാന്ത് പന്‍വാര്‍, കെ. വീരഭദ്ര റെഡ്ഢി എന്നിവരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍.