സമരം ചെയ്ത നഴ്‌സുമാരെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമം: മലയാളി നഴ്‌സിന് പരിക്ക്

single-img
20 March 2012

ദിവസങ്ങളായി ഡല്‍ഹിയില്‍ സമരം ചെയ്തു വരുന്ന നഴ്‌സുമാരുടെ ഇടയിലേക്ക് ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധി കാറോടിച്ച് കയറ്റി. ഡല്‍ഹി അശോക് വിഹാറിലെ സുന്ദര്‍ലാല്‍ ജയിന്‍ ആശുപത്രിയിലാണ് സംഭവം. സമരത്തില്‍ പങ്കെടുത്തിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ സിനു എന്ന നഴ്‌സിനാണ് പരിക്കേറ്റത്. സിനുവിന് പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും ആശുപത്രി അധികൃതര്‍ വിസമ്മതിച്ചെങ്കിലും നഴ്‌സുമാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ചികിത്സ നല്‍കുകയായിരുന്നു. സിനുവിന്റെ കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. മാനേജിംഗ് ഡയറക്ടറുടെ ബന്ധുവായ മനീഷ് ആണ് കാറോടിച്ചതെന്ന് നഴ്‌സുമാര്‍ പറഞ്ഞു. സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മുതലാണ് നഴ്‌സുമാര്‍ ഇവിടെ സമരം ആരംഭിച്ചത്. ഇരുന്നൂറോളം നഴ്‌സുമാരാണ് ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുന്നത്.