കേന്ദ്രസര്‍ക്കാരിലേക്കില്ലെന്ന് മുലായം

single-img
19 March 2012

കേന്ദ്രസര്‍ക്കാരില്‍ ചേരാന്‍ താല്‍പര്യമില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കി. ലക്‌നോവില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്നും സര്‍ക്കാരില്‍ ചേരാന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ഒരു ക്ഷണവും ലഭിച്ചിട്ടില്ലെന്നും മുലായം പറഞ്ഞു. ബിജെപി അധികാരത്തിലെത്തുന്നത് തടയാനാണ് സമാജ്‌വാദി പാര്‍ട്ടി യുപിഎയെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേമന്ത്രി ദിനേശ് ത്രിവേദിയുടെ രാജി അവരുടെ ആഭ്യന്തരകാര്യമാണെന്നും സമാജ്‌വാദി പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും മുലായം വ്യക്തമാക്കി. മൂന്നാം മുന്നണിയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നില്ലെന്നും മുലായം പറഞ്ഞു.