ലിസിയ്ക്കെതിരെ പരാതിയുമായി പിതാവ്.

single-img
19 March 2012

ആര്‍ഡിഒ ഉത്തരവിട്ടിട്ടും  നടിയും സം‌വിധായകന്‍ പ്രിയദര്‍ശന്റെ ഭാര്യയുമായ ലിസി ചെലവിന് പണം നല്‍‌കാന്‍ തയ്യാറാവാത്തതിനാല്‍ ലിസിയുടെ പിതാവ്‌ മാലിപ്പാറ സ്വദേശി എന്‍ഡി വര്‍ക്കിയെന്ന പാപ്പച്ചന്‍ (66) എറണാകുളം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍‌കി.വര്‍ക്കിയുടെ പരാതിയില്‍ ലിസിയുടെ മുഴുവൻ സ്വത്തും കണ്ടുകെട്ടാന്‍ എറണാകുളം ജില്ലാ കലക്ടര്‍ പിഐ ഷെയ്ഖ് പരീത് ഉത്തരവിട്ടിരുന്നു. എന്നിട്ടും ഒന്നും നടക്കാത്തതിനാലാണ് വര്‍ക്കി വീണ്ടും കളക്ടറെ സമീപിച്ചിരിക്കുന്നത്.ലിസി തന്റെ മകളാണെന്ന് തെളിയിക്കുന്ന തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നാണ് വർക്കി പറയുന്നത്.

വര്‍ക്കിയുടെ പരാതി ആദ്യം പരിഗണിക്കുകയും ലിസി ചെലവിന്‌ നല്‍കണമെന്ന്‌ ഉത്തരവ്‌ പുറപ്പെടുവിക്കുകയും ചെയ്തത് മൂവാറ്റുപുഴ ആര്‍ഡിഒയാണ്. ആര്‍‌ഡി‌ഓയ്ക്ക് തന്നെയാണ് കേസിന്റെ പുനരന്വേഷണ ചുമതല ഇപ്പോള്‍ കളക്ടര്‍ നൽകിയിരിക്കുന്നത്. വര്‍ക്കി തന്റെ പിതാവല്ലെന്നും സ്കൂള്‍/കോളേജ് സര്‍ട്ടിഫിക്കറ്റുകളില്‍, വര്‍ക്കിയെന്നല്ല, ജോര്‍ജ്‌ എന്നാണ്‌ തന്റെ അച്ഛന്റെ പേരായി അമ്മ നല്‍കിയിരിക്കുന്നത് എന്നുമാണ് ലിസി പറയുന്നത്.

എറണാകുളം ഇല്ലാ കളക്ടര്‍ ലിസിയുടെ അഭിഭാഷകനെ വിളിച്ചുവരുത്തി വിവരങ്ങൾ തിരക്കിയപ്പോൾ ലിസിയുടെ പിതാവല്ല വര്‍ക്കി എന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. വര്‍ക്കി പിതാവാണെന്ന് തെളിയിച്ചാല്‍ മാത്രമേ കേസിന് പ്രാബല്യമുണ്ടാവുകയുള്ളൂ എന്ന് അഭിഭാഷകന്‍ ബോധിപ്പിച്ചതിനെ തുടർന്ന് കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും ആവശ്യമാണെന്ന്‌ കളക്ടര്‍ അഭിപ്രായപ്പെടുകയായിരുന്നു.