ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തു

single-img
19 March 2012

ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ നിന്ന് പൊരുതിയപ്പോള്‍ ജയം ഇന്ത്യക്ക്. ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സ് നേടി. മറുപടിയായി ക്രീസിലെത്തിയ ഇന്ത്യ 47.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് നേടി ജയമാഘോഷിച്ചു. 183 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ ഇന്ത്യന്‍ ബൗളര്‍മാരെ കാഴ്ചക്കാരാക്കി മുന്നേറി. ഓപ്പണര്‍മാരായ നസീര്‍ ജംഷാദും (112) മുഹമ്മദ് ഹഫീസും (105) തകര്‍ത്താടിയപ്പോള്‍ ആദ്യ വിക്കറ്റില്‍ പാക്കിസ്ഥാന്‍ 200 കടന്നു. 35.5 ഓവറില്‍ 224 റണ്‍സ് നീണ്ട പാക്കിസ്ഥാന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഒടുവില്‍ അശ്വിനാണ് തകര്‍ത്തത്. ഓവറിലെ അവസാന പന്തില്‍ നസീര്‍ ജംഷാദിനെ ഷോര്‍ട്ട് തേഡ്മാനില്‍ ഇര്‍ഫാന്‍ പഠാന്റെ കൈകളിലെത്തിച്ച് അശ്വിന്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്കി. ജംഷാദ് തന്റെ കന്നി സെഞ്ചുറി പൂര്‍ത്തിയാക്കിയത് 98 പന്തില്‍ നിന്നായിരുന്നു. 104 പന്തില്‍ നിന്ന് 112 റണ്‍സെടുത്തു പുറത്താകുമ്പോള്‍ ജംഷാദ് പത്തു ഫോറും ഒരു സിക്‌സും പറത്തി. അടുത്ത ഓവറില്‍ അശോക് ദിന്‍ഡ മുഹമ്മദ് ഹഫീസിനെയും പുറത്താക്കി. വിക്കറ്റിനു മുന്നില്‍ കുടുക്കി ഹഫീസിനെ ദിന്‍ഡ പവലിയനിലേക്കു മടക്കുകയായിരുന്നു. 113 പന്തില്‍ നിന്ന് ഒരു സിക്‌സിന്റെയും ഒമ്പതു ഫോറിന്റെയും സഹായത്തോടെ 105 റണ്‍സെടുത്ത ശേഷമാണ് ഹഫീസ് ക്രീസ് വിട്ടത്. ഹഫീസിന്റെ നാലാമത് ഏകദിന സെഞ്ചുറിയാണ് മിര്‍പൂരില്‍ പിറന്നത്- ഇന്ത്യക്കെതിരായ ആദ്യത്തേതും. ഹഫീസ് – ജംഷാദ് കൂട്ടുകെട്ട് 18-ാം ഓവറില്‍ പാക്കിസ്ഥാനെ 100 കടത്തി. 33-ാം ഓവറില്‍ 200 ഉം കടത്തി.

തുടര്‍ന്ന് ക്രീസിലെത്തിയ ഉമര്‍ അക്മല്‍ (28) പ്രവീണ്‍കുമാറിന്റെ പന്തില്‍ പുറത്തായി. ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഗൗതം ഗംഭീറിന്റെ ക്യാച്ചിലൂടെയാണ് ഉമര്‍ അക്മല്‍ മടങ്ങിയത്. എന്നാല്‍, യൂനിസ് ഖാന്റെ ആക്രമണം പാക്കിസ്ഥാനെ 300 കടക്കാന്‍ സഹായിച്ചു. 34 പന്തില്‍ നിന്ന് ആറു ഫോറിന്റെ സഹായത്തോടെ 52 റണ്‍സെടുത്തു. പ്രവീണ്‍കുമാറിന്റെ പന്തില്‍ ഷോര്‍ട്ട് എക്‌സ്ട്രാ കവറില്‍ സുരേഷ് റെയ്‌ന ഒറ്റകൈയ്‌ക്കെടുത്ത മനോഹര ക്യാച്ചിലൂടെയാണ് യൂനിസ് പുറത്തായത്. 47 ഓവറില്‍ പാക്കിസ്ഥാനെ 300 കടത്തിയശേഷം യൂനിസ് മടങ്ങി.

330 റണ്‍സ് എന്ന ലക്ഷ്യം പിന്‍തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ തന്നെ ഗംഭീറിനെ നഷ്ടമായെങ്കിലും സച്ചിന്‍ – കോഹ്‌ലി കൂട്ടുകെട്ടിലൂടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. 19.3 ഓവറില്‍ 133 ല്‍ എത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 48 പന്തില്‍ 52 റണ്‍സെടുത്ത സച്ചിനെ സയീദ് അജ്മലിന്റെ പന്തില്‍ യൂനിസ് ഖാന്‍ ഫസ്റ്റ് സ്ലിപ്പില്‍ ക്യാച്ചിലൂടെ പുറത്താക്കി. 45 പന്തില്‍ നിന്നാണ് സച്ചിന്‍ ഏകദിനത്തില്‍ തന്റെ 96-ാം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സച്ചിന്‍ പുറത്തായതിനു പിന്നാലെയെത്തിയ രോഹിത് ശര്‍മ (68) കോഹ്‌ലിക്കു മികച്ച പിന്തുണ നല്കി. കോഹ്‌ലി – രോഹിത് ശര്‍മ കൂട്ടികെട്ട് മൂന്നാം വിക്കറ്റില്‍ സ്ഥാപിച്ച 172 റണ്‍സ് ഇന്ത്യയുടെ വിജയം ഉറപ്പാക്കി. ഇരുവരും ചേര്‍ന്ന് ജയിക്കുന്നതിന് ഒരോവറില്‍ എട്ടിലേറെ റണ്‍സ് വേണ്ടിയിരുന്ന സ്ഥാനത്തുനിന്നാണ് ഇന്ത്യക്കു ജയം സമ്മാനിച്ചത്. രോഹിത് ശര്‍മ പുറത്താകുമ്പോള്‍ ഇന്ത്യക്കു ജയിക്കുന്നതിനു വെറും 25 റണ്‍സ് മാത്രം. ലക്ഷ്യത്തിന് 12 റണ്‍സ് അകലെവച്ച് കോഹ്‌ലി പുറത്തായെങ്കിലും അപ്പോഴേക്കും കളി ഇന്ത്യയുടെ വരുതിയിലായിക്കഴിഞ്ഞിരുന്നു. നായകന്‍ ധോണി മനോഹരമായ ഒരു ഫോറിലൂടെ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുമ്പോള്‍ രണ്ട് ഓവറും അഞ്ചുബാളും ബാക്കി.