“പ്രണയ“ത്തെ പ്രണയിച്ച് അസിൻ

single-img
19 March 2012

മാതൃഭാഷയിൽ ആകെ ഒരു ചിത്രം മാത്രം ചെയ്യാൻ അവസരം ലഭിക്കുകയും മറ്റ് തെന്നിന്ത്യൻ ഭാഷകളിലൂടെ തിളങ്ങുകയും ചെയ്ത മലയാളിയായ നടി അസിൻ തോട്ടുങ്കൽ പോയ വർഷം തന്നെ കീഴടക്കിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനം നൽകുന്നത് ബ്ലെസ്സി സംവിധാനം ചെയ്ത പ്രണയത്തിന്.മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രത്തിലെ ഓരോ അഭിനയ മുഹൂർത്തങ്ങളും അത്യുജ്ജ്വലമായിരുന്നെന്നാണ് അസിന് പറയാനുള്ളത്.പക്വതയാർന്ന ഒരു പ്രണയ കഥ പറഞ്ഞ “പ്രണയം” ഒരു കാഴ്ചക്കാരി എന്ന നിലയിൽ താൻ ഒരുപാട് ആസ്വദിച്ചെന്ന് താരം കൂട്ടിച്ചേർത്തു.ഒരു കാലത്ത് തന്റെ തട്ടകമായിരുന്ന ദക്ഷിണേന്ഥ്യയിൽ എപ്പോഴും യഥാര്‍ത്ഥമായ കഥകളാണ് വരുന്നതെന്നും അത് തുടർന്ന് പോകുന്നതു കാണുന്നതിൽ സന്തോഷിക്കുന്നതായും അസിൻ പറഞ്ഞു.

തന്നെ തിരക്കേറിയ താരമാക്കിയ ദക്ഷിണേന്ത്യൻ സിനിമാ ലോകത്തേക്ക് പക്ഷേ ഉടനെയൊരു തിരിച്ചു വരവില്ലെന്നാണ് അസിൻ പറയുന്നത്.ബോളിവുഡിൽ തനിക്കു പൂർണ്ണ സംതൃപ്‌തിയാണ് ഉള്ളതെന്നും എന്നാൽ എക്കാലവും പ്രിയപ്പെട്ട തെന്നിന്ത്യൻ ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കിട്ടിയാൽ അവ തീർച്ചയായും സ്വീകരിക്കുമെന്നും അസിൻ പറഞ്ഞു.ഇതിനകം നിരവധി ഹിറ്റുകളുടെ ഭാഗമായ അസിന്റേതായി ഹൌസ്ഫുൾ -2,ബോൽ ബച്ചൻ എന്നീ ചിത്രങ്ങളാണ് ബോളിവുഡിൽ ഇനി വരാനിരിക്കുന്നത്.