യു.എന്‍ നിരോധം അവഗണിച്ച് ഉത്തരകൊറിയ റോക്കറ്റ് പരീക്ഷിക്കുന്നു

single-img
16 March 2012

യുഎന്‍ രക്ഷാസഭയുടെ നിരോധനം അവഗണിച്ച് ഉത്തര കൊറിയ ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിക്കാനൊരുങ്ങുന്നു. ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിനാണ് അടുത്തമാസം റോക്കറ്റ് വിക്ഷേപിക്കുന്നതെന്ന് ഉത്തരകൊറിയന്‍ അധികൃതര്‍ അവകാശപ്പെട്ടു. രാജ്യശില്പി കിം ഇല്‍ സംഗിന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 12നും 16നും ഇടയില്‍ വടക്കന്‍ പ്യോംഗാന്‍ പ്രവിശ്യയില്‍നിന്നു വിക്ഷേപണമുണ്ടാകുമെന്നു കൊറിയന്‍ സ്‌പേസ് കമ്മിറ്റി വക്താവ് അറിയിച്ചു. കിം ഇല്‍ സംഗിന്റെ പേരക്കുട്ടിയാണ് ഇപ്പോഴത്തെ ഭരണാധികാരി കിം ജോംഗ് ഉന്‍. രാജ്യത്തെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്ക 240,000 ടണ്‍ ഭക്ഷണ സഹായം വാഗ്ദാനം ചെയ്തതിനാല്‍ ഉടമ്പടിപ്രകാരം റോക്കറ്റ് വിക്ഷേപണം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ഉണ്ടായത് 16 ദിവസങ്ങള്‍ക്കു മുമ്പാണ്. ഈ തീരുമാനമാണ് ഉത്തര കൊറിയ അട്ടിമറിച്ചത്. റോക്കറ്റ് വിക്ഷേപണം സമാധനലക്ഷ്യത്തോടെയാണെന്നാണു ചാനലിലൂടെ സര്‍ക്കാര്‍ അറിയിച്ചത്.