എറണാകുളം കലക്‌ടറുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

single-img
16 March 2012

എറണാകുളം ജില്ലാ കലക്റ്റര്‍ പി.ഐ. ഷെയ്ക്ക് പരീതിന്‍റെ മകന്‍ തസ്ലിം ഷെയ്ക്ക് പരീത് (26) അന്തരിച്ചു. കൃഷ്ണഗിരി – ബംഗളൂരു ദേശീയപാതയില്‍ കൃഷ്ണഗിരി ടോള്‍ പ്ലാസയ്ക്ക് സമീപം വ്യാഴാഴ്ച വൈകിട്ടുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തസ്ലിമിന്‍റെ അന്ത്യം ഇന്നലെ രാത്രി എട്ടിനു സ്‌പാര്‍ഷ്‌ ആശുപത്രിയിലായിരുന്നു.തസ്ലിമിനൊപ്പമുണ്ടായിരുന്ന തിരുവനന്തപുരത്ത് ഇന്‍റലിജന്‍സ് വിഭാഗം എസ്പിയായ രാജശേഖരന്‍റെ മകന്‍ ദിലീപ് രാജന്‍ (23) തല്‍ക്ഷണം മരിച്ചിരുന്നു. ചെന്നൈയില്‍ സുഹൃത്തിനെ സന്ദര്‍ശിച്ചു മടങ്ങവെ കൃഷ്ണഗിരി ടോള്‍ പ്ലാസയ്ക്കു സമീപമുള്ള യു ടേണില്‍ ലോറി കാറില്‍ ഇടിച്ചായിരുന്നു അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷിബിന്‍ പോൾചെറിയ പരുക്കുകളോടുകൂടി രക്ഷപ്പെട്ടു. ബംഗളൂരു ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ജീവനക്കാരനായിരുന്നു തസ്ലിം. കൊല്ലം കരിക്കോട്‌ പാലശ്ശേരില്‍ കുടുംബാംഗമാണ്‌.

ടി.കെ.എം എന്‍ജിനീയറിംഗ്‌ കോളേജ്‌ അധ്യാപിക ബുഷറയാണ്‌ മാതാവ്‌. സഹോദരി: രേഷ്‌മ ഷെയ്‌ക്ക്. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.