പിറവം; പരസ്യപ്രചാരണത്തിന് പരിസമാപ്തി

single-img
15 March 2012

സമീപകാലത്ത് കേരളം കണ്ട ഏറ്റവും ആവേശമേറിയ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് പരിസമാപ്തി. വൈകിട്ട് അഞ്ചു മണിക്കായിരുന്നു പരസ്യപ്രചാരണം അവസാനിക്കുന്നതെങ്കിലും ഉച്ചകഴിഞ്ഞപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിന് വേദി അനുവദിച്ചിരുന്ന ബസ് സ്റ്റാന്‍ഡ് പരിസരത്തും ത്രീറോഡ് ജംഗ്ഷനിലും കേന്ദ്രീകരിച്ചിരുന്നു. പ്രചാരണ വാഹനങ്ങളില്‍ നിന്നുയര്‍ന്ന ഗാനങ്ങളുടെ ഈണത്തിനൊത്ത് സ്ഥാനാര്‍ഥിയുടെ കൂറ്റന്‍ കട്ടൗട്ടറുകളും കൊടികളുമുയര്‍ത്തി അവര്‍ താളം പിടിച്ചു. കൊട്ടിക്കലാശം കാണാന്‍ സമീപത്തെ കെട്ടിടങ്ങളുടെ മുകള്‍ നിലകളിലും മറ്റും കാഴ്ചക്കാരും കൂടിയതോടെ ആവേശവും ഇരട്ടിയായി.

നാലരയോടെ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബും പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബും കൊട്ടിക്കലാശവേദിയിലെത്തി. ബിജെപി സ്ഥാനാര്‍ഥി നേരത്തെ തന്നെ പ്രവര്‍ത്തകര്‍ക്കൊപ്പം കൊട്ടിക്കലാശവേദിയിലുണ്ടായിരുന്നു. അഞ്ച് മണിക്ക് സൈറന്‍ മുഴങ്ങിയതോടെയാണ് കൊട്ടിക്കലാശത്തിന് പരിസമാപ്തിയായത്.