ഭാരതത്തിന്റെ വീരപുത്രന് ഇന്ന് മുപ്പത്തിയഞ്ചാം പിറന്നാൾ

single-img
15 March 2012

ബീന അനിത

ജന്മനാടിന്റെ ആത്മാഭിമാനം ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ബന്ധിയാക്കപ്പെട്ട മണിക്കൂ‍റുകളിൽ സ്വന്തം ജീവൻ ബലി നൽകി അതിനെ കാത്തു രക്ഷിച്ച ഭാരതത്തിന്റെ പ്രിയപുത്രന് ഇന്ന് മുപ്പത്തിയഞ്ചാം പിറന്നാൾ.2008 നവംബർ 26 മുംബൈ ആക്രമണത്തെ ചെറുക്കാൻ ദേശീയ സുരക്ഷാ സേന (എൻഎസ്ജി) നടത്തിയ ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡൊയിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണനെയാണ് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ രാഷ്ട്രം അഭിമാനപുരസരം നമിക്കുന്നത്.അമ്മയായ നാടിന്റെ സുരക്ഷക്കൊപ്പം തന്റെ സഹപ്രവർത്തകരുടെയും രക്ഷ മുന്നിൽ കണ്ട്  പോരാടിയ സന്ദീപിന്റെ ധൈര്യത്തിനെ രാജ്യം പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര നൽകി ആദരിക്കുകയുണ്ടായി.എൻഎസ്ജി ഡെപ്പ്യൂട്ടേഷനിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം ബംഗളൂരുവിൽ താമസമാക്കിയ കോഴിക്കോട്ടുകാരായ കെ.ഉണ്ണിക്കൃഷ്ണൻ ധനലക്ഷ്മി ഉണ്ണിക്കൃഷ്ണൻ ദന്വതിമാരുടെ ഏകമകനാണ്.കുട്ടിക്കാലം മുതൽ സൈനികനാകണമെന്ന സ്വപ്നം താലോലിച്ച് വളർന്ന സന്ദീപ് 1999 ൽ ഇന്ത്യൻ കരസേനയുടെ ബീഹാർ റെജിമെന്റിലാണ് ഓഫീസറായി ചേർന്നത്.തുടർന്ന് ജമ്മു കാശ്മീർ,രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ ഭീകര വിരുദ്ധ സേവനം അഌഷ്‌ഠിച്ചിട്ടുണ്ട്.പ്രസന്നമായൊരു വ്യക്തിത്വത്തിനുടമയായിരുന്ന അദ്ദേഹം.കൂട്ടുകാർക്കും സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും ഒരു പോലെ പ്രിയപ്പെട്ടവനായിരുന്നു.മരണശേഷം രാജ്യമെങ്ങും ധീരതക്ക് പര്യായമായ സന്ദീപിന്റെ ഓർമ്മകൾ ഇന്നും ജനങ്ങളിൽ ദീപ്തമാണ്.അദ്ദേഹത്തിന്റെ ആത്മാർപ്പണം എന്നെന്നും നിലനിൽക്കുക തന്നെ ചെയ്യും…..ധീര യോദ്ധാവേ……കണ്ണീർ നനവുള്ള പിറന്നാൾ ആശംസകൾ….