മത്സ്യവ്യാപാരികൾ കോർപ്പറേഷൻ സോണൽ ഓഫീസ് ഉപരോധിച്ചു

single-img
15 March 2012

കഴക്കൂട്ടം മാർക്കറ്റിന്റെ ശോചനീയാ‍വസ്ഥയിൽ പ്രതിഷേധിച്ച് മത്സ്യവ്യാപാരികൾ കോർപ്പറേഷൻ സോണൽ ഓഫീസ് ഉപരോധിച്ചു.കുടിവെള്ളമോ പ്രാഥമികാവശ്യങ്ങൾക്കുള്ള സൌകര്യമോ ലഭിക്കാതെ കഷ്ടപ്പെടുന്ന വ്യാപാരികൾക്കിടയിൽ ദിവസങ്ങളായി നിലനിൽക്കുന്ന അമർഷമാണ് ഉപരോധത്തിൽ കലാശിച്ചത്.ഇവർ കഴിഞ്ഞ ദിവസം രാത്രിയിൽ കഴക്കൂട്ടം ജംഗ്ഷനിൽ സംഘടിച്ച് തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.എന്നാൽ അതിനെത്തുടർന്നും നടപടികൾ ഉണ്ടാകാതിരുന്നതിനാലാണ് ഉപരോധം നടത്തിയതെന്നു വ്യാപാരികൾ അറിയിച്ചു.ഇന്ന് രാവിലെ കഴക്കൂട്ടം ബസ് സ്റ്റോപ്പിൽ മത്സ്യ വിൽ‌പ്പന നടത്തി തുടങ്ങിയ സമരമാണ് കോർപ്പറേഷൻ സോണൽ ഓഫീസിലേക്ക് നീണ്ടത്.പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് ലേലം കൊണ്ടിട്ടുള്ള മാർക്കറ്റിൽ മലിനജലം ഒഴുകിപ്പോകാൻ വേണ്ടിയുള്ള ഓടകളും മറ്റു മാലിന്യ നിർമ്മാർജന പദ്ധതികളും മാർക്കറ്റിന്റെ ഏഴയലത്തു പോലും എത്തിയിട്ടില്ല എന്ന ആക്ഷേപം ശക്തമാണ്.മാലിന്യങ്ങളുടെ ഇടയിൽ സമയം ചിലവഴിക്കേണ്ടി വരുന്ന കച്ചവടക്കാർക്ക് ത്വക്ക് രോഗങ്ങൾ ധാരാളമായി ഉണ്ടാകുന്നതായും ഇവിടുത്തെ ശോചനീയാവസ്ഥ കാരണം പുറത്തുനിന്നുള്ളവർ സാധനം വാങ്ങാൻ വരാൻ താല്പര്യം കാണിക്കാത്തതിനാൽ തങ്ങൾക്കു വൻ നഷ്ടമാണ് നേരിടുന്നതെന്നും അവർ പരാതിപ്പെട്ടു.ചന്തയിൽ കച്ചവടം നടത്തുന്നതിനു നൽകേണ്ടതായി സർക്കാർ നിശ്ചയിച്ചിട്ടുള്ള 5 രൂപയ്ക്ക് പകരം മുപ്പതും നാൽ‌പ്പതും രൂപ വരെ ലേലം പിടിച്ചവർ ഈടാക്കുന്നുണ്ടെന്ന പരാതിയും വ്യാപാരികളുടെ ഭാഗത്ത് നിന്നും ഉയർന്നിട്ടുണ്ട്.

കോർപ്പറേഷൻ സോൺൽ ഓഫീസ് കച്ചവടക്കാരെ ക്കൊണ്ട് നിറഞ്ഞതിനെത്തുടർന്ന് കഴക്കൂട്ടം സി ഐ ബിനുകുമാർ, കോർപ്പറേഷൻ വാർഡ് കൗണ്‍സിലർ ജി.വിനോദ് കുമാർ എന്നിവരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരം കാണും എന്ന ഉറപ്പിന്മേലാണ് പ്രതിഷേധക്കാർ ഒഴിഞ്ഞ് പോകാൻ തയ്യാറായത്.ലക്ഷങ്ങൾ വകയിരിത്തിയിരിക്കുന്ന ബയോഗ്യാസ് പ്ലാന്റിന്റെ നിർമ്മാണം തടസ്സപ്പെടുത്തുന്നതിന് ചില തല്പരകക്ഷികൾ ശ്രമിക്കുന്നതാണ് പ്രശ്നങ്ങ്ല്ക്കു കാരണമെന്ന് വിനോദ് കുമാർ പറഞ്ഞു.