റെയില്‍വെ മന്ത്രി ദിനേശ് ത്രിവേദി രാജിവച്ചു

single-img
14 March 2012

റെയില്‍വെ മന്ത്രി ദിനേശ് ത്രിവേദി രാജിവച്ചു. രാജിക്കത്ത് ത്രിവേദി പ്രധാനമന്ത്രിക്ക് കൈമാറി. നാളെ ധനമന്ത്രി പ്രണാബ് മുഖര്‍ജി പൊതുബജറ്റ് അവതരിപ്പിച്ചതിനുശേഷമെ ത്രിവേദിയുടെ രാജി പ്രധാനമന്ത്രി സ്വീകരിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ത്രിവേദിക്ക് പകരം മുകുള്‍ റോയി പുതിയ റെയില്‍ മന്ത്രിയാകും.

നിരക്കുവര്‍ധന പുനഃപരിശോധിക്കാന്‍ തയാറാകാത്ത ത്രിവേദിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ഇന്നലെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുശേഷവും നിരക്കുവര്‍ധന പിന്‍വലിക്കില്ലെന്ന നിലപാടില്‍ ത്രിവേദി ഉറച്ചു നിന്നതോടെയാണ് രാജി അനിവാര്യമായത്. മമതയുമായി പ്രണാബ് മുഖര്‍ജി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ത്രിവേദിയെ പുറത്താകകണമെന്ന നിലപാടില്‍ മമതയും ഉറച്ചു നിന്നു.

അതിനിടെ യാത്രാ നിരക്കു വര്‍ധന ഭാഗികമായി പിന്‍വലിക്കുന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. 17നോ 18നോ മുകുള്‍ റോയി പുതിയ റെയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന.