ആര്യ കൊലക്കേസ് പ്രതി പിടിയില്‍

single-img
13 March 2012

തിരുവനന്തപുരം വട്ടപ്പാറയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയിലായി. കാട്ടാക്കട സ്വദേശി രാജേഷ് (29) ആണ് വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആര്യയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്‌ടെത്തിയത്. പകല്‍ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്.

പ്രതിയുടെ സഹോദരിയെ വിവാഹം ചെയ്തുകൊണ്ട് വന്നിരിക്കുന്നത് വട്ടപ്പാറയ്ക്ക് സമീപം വേറ്റിനാട്ടായിരുന്നു. പ്രതി സഹോദരിയുടെ വീട്ടില്‍ ഇടയ്ക്കിടയ്ക്ക് വന്നു പോകുന്നത് പതിവായിരുന്നതായി പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറായ പ്രതി സംഭവം നടന്ന ദിവസം ഓട്ടോയുമായി വട്ടപ്പാറയെത്തിയപ്പോള്‍ സംഭവം നടന്ന വീടിനു സമീപമുള്ള ഒരാള്‍ പ്രതിയുടെ ഓട്ടോ വിളിക്കുകയായിരുന്നു. ഓട്ടോ ആര്യയുടെ വീടിനടുത്തെത്തിയപ്പോള്‍ കേടായി. ഓട്ടം വിളിച്ചയാളെ പറഞ്ഞു വിട്ടശേഷം പ്രതി ഓട്ടോ ശരിയാക്കി. ശേഷം വെള്ളം കുടിക്കുവാന്‍ വേണ്ടി ആര്യയുടെ വീട്ടില്‍ കയറിയ പ്രതി വീട്ടില്‍ ഒറ്റയ്ക്കുള്ള ആര്യയെ കടന്നു പിടിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ ആര്യകൊല്ലപ്പെടുകയും പരിഭ്രാന്തനായ പ്രതി ആര്യയുടെ കഴുത്തില്‍ കിടന്ന മാലയും പൊട്ടിച്ച് അവിടെ നിന്നും രക്ഷപ്പെടുകയുമായിരുന്നു.

വൈകിട്ട് മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോഴാണ് മകള്‍ മരിച്ചുകിടക്കുന്നത് കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ നിഗമനമെങ്കിലും പിന്നീട് കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതോടെയാണ് ഈ രീതിയില്‍ അന്വേഷണം നീങ്ങിയത്. ആര്യയുടെ മാല കഴിഞ്ഞ ദിവസം വെഞ്ഞാറമ്മൂടിന് സമീപമുള്ള ഒരു കടയില്‍ പണയം വെച്ചതായി പോലീസിന് കണ്ടെത്തിയിരുന്നു.