സൗദിയില്‍ നാലു മലയാളികളുടെ വധശിക്ഷ ഇളവു ചെയ്തു

single-img
12 March 2012

സൗദി അറേബ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന നാലു മലയാളികളുടെ ശിക്ഷ അഞ്ചുവര്‍ഷം തടവും 300 അടിയുമായി ഇളവു ചെയ്തു. മംഗലാപുരം സ്വദേശി മുഹമ്മദ് അഷ്‌റഫ്് കൊല ചെയ്യപ്പെട്ട കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശി ഫസലുദ്ദീന്‍, മണ്ണാര്‍ക്കാടു സ്വദേശി മുസ്തഫ, പെരിന്തല്‍മണ്ണ കുന്നത്ത് സ്വദേശി മുസ്തഫ, തിരുവനന്തപുരം സ്വദേശി സക്കീര്‍ ഹുസൈന്‍ എന്നിവരുടെ വധശിക്ഷയാണു റിയാദ് കോടതി ഇളവു ചെയ്തത്.

2008ല്‍ റിയാദിലെ തൊഴില്‍സ്ഥലത്തു സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തര്‍ക്കമാണു മുഹമ്മദ് അഷ്‌റഫിന്റെ കൊലയില്‍ കലാശിച്ചത്. കഴിഞ്ഞ നാലുവര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികള്‍ക്കു പുതിയ വിധി പ്രകാരം ഇനി ഒരു വര്‍ഷം കൂടി ജയില്‍ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. കൂടാതെ ശിക്ഷയായി വിധിച്ചിട്ടുള്ള 300 ചാട്ടവാറടി ആറു തവണയായി അനുഭവിച്ചാല്‍ മതി. ഇതിനിടയില്‍ പൊതുമാപ്പ് അനുവദിച്ചാല്‍ ഇവര്‍ക്കു മോചിതരാകാം.

കൊലപാതകത്തില്‍ നാലുപേര്‍ക്കും തുല്യ പങ്കാളിത്തമുണെ്ടന്നു കണെ്ടത്തിയതിനെത്തുടര്‍ന്നു 2009ലാണു സൗദിയിലെ ശരിയത്ത് നിയമപ്രകാരം ഇവര്‍ക്കു വധശിക്ഷ വിധിച്ചത്. ഇവരുടെ കുടുംബാംഗങ്ങള്‍ അന്നു പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയെ കണ്ടു നിവേദനം നല്കിയിരുന്നു. അദ്ദേഹം ഇടപെട്ടതോടെയാണു കേസില്‍ വഴിത്തിരിവുണ്ടായത്. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരം റിയാദിലെ സാമൂഹിക- ജീവകാരുണ്യ പ്രവര്‍ത്തകനും ഇപ്പോള്‍ നോര്‍ക്കയുടെ ജനറല്‍ കണ്‍സള്‍ട്ടന്റുമായ ഷിഹാബ് കൊട്ടുകാട് കഴിഞ്ഞ ഒന്നരവര്‍ഷമായി നടത്തിയ പരിശ്രമമാണ് ഇവര്‍ക്കു തുണയായത്.

കൊലചെയ്യപ്പെട്ട മുഹമ്മദ് അഷ്‌റഫിന്റെ പിതാവ് അബ്ദുള്‍ ഖാദറിന് ഉമ്മന്‍ ചാണ്ടിയുടെ അഭ്യര്‍ഥന പ്രകാരം പ്രവാസി വ്യവസായി സി.കെ. മേനോന്‍ 2010ല്‍ 80 ലക്ഷം രൂപ നല്കിയാണു വധശിക്ഷയില്‍നിന്ന് ഇവരെ ഒഴിവാക്കുന്നതിന് അഷ്‌റഫിന്റെ കുടുംബ ത്തില്‍നിന്നു സമ്മതം നേടിയത്. കൂടാതെ റിയാദിലെ ഇന്ത്യന്‍ എംബസിയുടെ പൂര്‍ണ സഹകരണവുമുണ്ടായിരുന്നു. എംബസി ഉദ്യോഗസ്ഥരായ ഡോ. അന്‍വര്‍, യൂസിഫ് കാക്കാഞ്ചേരി, വസീമുള്ള, പി.കെ. മിശ്ര, തരുപാല്‍ എന്നിവരും ഇക്കാര്യത്തില്‍ ഏറെ പരിശ്രമിച്ചു.