വന്മതിൽ വഴി മാറി

single-img
12 March 2012

ബീന അനിത

സ്വരം നന്നായിരിക്കുന്വോള്‍ പാട്ടുനിര്‍ത്തുന്നത് ബുദ്ധിപരമാണ്….ഉദാത്തമായൊരു സ്വരത്തിനു ഉടമയായിട്ടും തന്റെ ശബ്ദം മറ്റുള്ളവര്‍ക്കൊപ്പം ഉയര്‍ന്ന് കേള്‍ക്കാന്‍ പോലും കഷ്ടപെടേണ്ടി വന്നയാളാണെങ്കില്‍ പ്രത്യേകിച്ചും,…..ഇവിടെ ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വരച്ചേര്‍ച്ചകളെ കുറിച്ച് അപശ്രുതി കേട്ടുതുടങ്ങിയ സാഹചര്യത്തിലാണ് പതിനാറ് വര്‍ഷത്തോളം ക്ഷമ എന്ന വാക്കിന് അര്‍ത്ഥമായി ലോകത്തിനു മുന്നില്‍ നിന്ന നമ്മുടെ വന്മതില്‍ നിശബ്ദം വിടവാങ്ങുന്നത്…..പടിയിറങ്ങുന്നത് പോരാളിയെങ്കിലും അതിന്റെ പേരിലുള്ള വാദപ്രതിവാദകോലാഹലങ്ങള്‍ എവിടെയും കേട്ടില്ല.ലോകത്തിലേക്കും വെച്ച് മികച്ച ഒരു കരിയറിന് ഉടമയായ രാഹുല്‍ ദ്രാവിഡിന് പക്ഷേ അതൊരു പുതുമയാകില്ല. സ്വപ്രയത്‌നത്താല്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മുന്‍ നിരക്കാരനായ അദ്ദേഹം അര്‍ഹമായ ആഘോഷങ്ങളിലൂടെയല്ല പലപ്പോഴും സഞ്ചരിച്ചത് എന്നത് തന്നെയാണ് കാരണം……..

റെക്കോഡു പുസ്തകങ്ങളില്‍ നിരവധി തവണ രേഖപ്പെടുത്തപ്പെട്ട പേരായിരുന്നിട്ട് പോലും ആ പ്രതിഭ, എക്കാലത്തെയും പ്രഗത്ഭമതികളുടെ കൂട്ടത്തില്‍ അധികമാരാലും പരിഗണിക്കപ്പെട്ടില്ല.സ്‌ഥൈര്യത്തിന്റെ മുഖമുദ്രയുമേന്തി പല വിജയങ്ങളും ഇന്ത്യയെന്ന വികാരത്തിനൊപ്പം ചേര്‍ത്ത രാഹുലിന്റെ മഹിമ തിരിച്ചറിയാന്‍ പലരും വൈകി എന്നതത്രെ സത്യം…

ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയ റണ്‍സ് കണക്കാക്കിയാല്‍ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഒരു രാജ്യത്തിനു വേണ്ടി തുടര്‍ച്ചയായി 93 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ലോകത്തിലെ ഒരേ ഒരു കളിക്കാരന്‍,ടെസ്റ്റ് കളിക്കുന്ന പത്ത് രാജ്യങ്ങള്‍ക്കെതിരെയും സെഞ്ച്വറി നേടിയിട്ടുള്ള ഒരേ ഒരു താരം,ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ പതിനായിരത്തിലധികം റണ്‍സ് നേടിയ ഒരേ ഒരാള്‍, ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ മിനിറ്റുകള്‍ ക്രീസില്‍ ചിലവഴിച്ച ഒരേ ഒരു കളിക്കാരന്‍, ക്രിക്കറ്റിന്റെ ജന്മഭൂമിയായ ഇംഗ്ലണ്ടില്‍ ബ്രിട്ടീഷുകാരനല്ലാതെ മൂന്നോ അതിലധികമോ സെഞ്ച്വറികള്‍ നേടിയിട്ടുള്ള രണ്ട് കളിക്കാരില്‍ ഒരാള്‍ (ആദ്യത്തെയാള്‍ സാക്ഷാല്‍ ഡൊണാള്‍ഡ് ബ്രാഡ് മാന്‍) ക്യാച്ചുകളുമായി ടെസ്റ്റില്‍ ഒന്നാമത്…. കിരീടത്തില്‍ തൂവലുകള്‍ പലതുണ്ടായിട്ടും മൈലുകളോളം ദൂരെ തുടര്‍ച്ചയായി സിക്‌സറുകള്‍ പായിക്കുന്ന ആക്രമണ സ്വഭാവമില്ലെന്ന ഒറ്റക്കാരണത്താല്‍ ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ മറ്റു പലരും നേടിയ സ്ഥാനത്തിനൊപ്പമെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടര്‍ച്ചയായി 120 ഏകദിന മത്സരങ്ങളില്‍ ഒരിക്കല്‍പോലും പൂജ്യത്തിനു പുറത്താകാത്ത ഒരേ ഒരു കളിക്കാരനാണ് രാഹുല്‍ എന്നതും ശ്രദ്ധേയമാണ്. ഒരു പക്ഷേ ആധുനിക ക്രിക്കറ്റിലും ആസ്വാദകരിലും സംഭവിച്ച മാറ്റങ്ങളുടെ ഇരയെന്ന് ദ്രാവിഡിനെ വിശേഷിപ്പിക്കാം.

മാന്യന്മാരുടെ കളിയെന്ന് വാഴ്ത്തപ്പെടുന്ന ക്രിക്കറ്റിലെ യഥാര്‍ഥ മാന്യന്‍…. വിവാദങ്ങളില്ലാത്ത, സെലിബ്രിറ്റി ലോകത്തിന്റെ ബഹളങ്ങളൊഴിഞ്ഞ ജീവിതം…ഒരു കംപ്ലീറ്റ് ജന്റില്‍മാന്‍… എത്രയൊക്കെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലായാലും സാങ്കേതികത്തികവിന്റെയും പരിപ്പൂര്‍ണ്ണതയുടെയും അടയാളമാണ് രാഹുല്‍ എന്ന ക്രിക്കറ്റര്‍. ക്ലാസ്സിക്കല്‍ ക്രിക്കറ്റിന്റെ അവസാന പടയാളികളില്‍ ഒരാളെക്കൂടിയാണ് ഈ വിരമിക്കലിലൂടെ ക്രിക്കറ്റ് ലോകത്തിന് നഷ്ടമാകുന്നത്. 164 ടെസ്റ്റ് മാച്ചുകളില്‍ നിന്നായി 13,288 റണ്‍സ് സമ്പാദ്യമുള്ള ദ്രാവിഡിന്റെ ശരാശരി 52.31 ആണ്. മഹാരഥന്മാരായ തെണ്ടുല്‍ക്കറും ഗവസ്‌കറും ലാറയും ബോര്‍ഡറും പോലുള്ളവരുടെ കൂട്ടത്തില്‍, അന്‍പതിനുമേല്‍ ശരാശരിയുള്ള കളിക്കാരന്‍. ഏകദിനത്തിലും പതിനായിരത്തിലധികം റണ്‍സ്.എന്നിട്ടും അവര്‍ക്കൊക്കെ ലഭിച്ച കൈയടികളുടെ പകുതിയെങ്കിലും ആരാധകവൃന്ദം രാഹുലിന് നല്‍കിയോ എന്ന് സംശയം…

വേഗതയുടെ പുറകെ പായുന്ന നവലോകത്തിന് മുന്നില്‍ വിലകുറയുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ മഹത്വത്തിന് തുല്യമാണ് ദ്രാവിഡിന്റെ അവസ്ഥയെന്ന് നിസംശ്ശയം പറയാം.എങ്കിലും
കാലക്രമത്തില്‍ ക്രിക്കറ്റ് ലോകത്തെ മഹാന്മാരുടെ നിരയില്‍ മുന്‍പന്തിയില്‍ തന്നെ അദ്ദേഹത്തിനു ലഭിക്കുമെന്നു പ്രതീക്ഷിക്കാം..പ്രാര്‍ത്ഥിക്കാം.

രാഹുല്‍…പ്രിയപ്പെട്ട പ്രതിരോധ നായകാ…ഇന്ത്യന്‍ ക്രിക്കറ്റ് സാമ്രാജ്യത്തില്‍ താങ്കളുടെ അഭാവം തീര്‍ച്ചയായും ഒരു വിടവുണ്ടാക്കും.അധികം താമസിയാതെ താങ്കളെ തള്ളി പറഞ്ഞവരും പറഞ്ഞു തുടങ്ങും… ദ്രാവിഡുണ്ടായിരുന്നെങ്കില്‍…. ഇന്നല്ലെങ്കില്‍ നാളെ ഒഴിയേണ്ടത് അനിവാര്യമെങ്കിലും…….