യുഎസ് ഭടന്‍് 16 അഫ്ഗാന്‍കാരെ വെടിവച്ചുകൊന്നു

single-img
12 March 2012

തെക്കന്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയില്‍ യുഎസ് സൈനികന്‍ 16 അഫ്ഗാന്‍കാരെ വെടിവച്ചുകൊന്ന സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തി. യുഎസ് സൈനികത്താവളത്തില്‍ സൈനികര്‍ ഖുര്‍ ആന്‍ അഗ്നിക്കിരയാക്കിയതിനെത്തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം കെട്ടടങ്ങിവരുമ്പോഴാണ് പുതിയ സംഭവവികാസം.താലിബാന്റെ ശക്തികേന്ദ്രമായ കാണ്ഡഹാര്‍ നഗരത്തിനു സമീപമുള്ള രണ്ടു ഗ്രാമങ്ങളിലാണ് ഇന്നലെ വെളുപ്പിന് യുഎസ് ഭടന്‍ അതിക്രമം കാട്ടിയത്.

സൈനികത്താവളത്തില്‍ നിന്ന് തോക്കുമായി പുറത്തിറങ്ങിയ ഇയാള്‍ ഗ്രാമങ്ങളിലെ വീടുകളിലെത്തി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ വെടിവച്ചുവീഴ്ത്തുകയായിരുന്നുവെന്ന് അഫ്ഗാന്‍ ഗവര്‍ണര്‍ തൂര്യാലി വിസാ റോയിട്ടേഴ്‌സിനോടു പറഞ്ഞു. ഏതാനും പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമിയെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നാറ്റോ അനുശോചനം അറിയിച്ചു. നാറ്റോ താവളത്തില്‍ കഴിഞ്ഞമാസം സൈനികര്‍ ഖുര്‍ ആന്‍ കത്തിച്ചതിനെത്തുടര്‍ന്ന് അമേരിക്കയ്‌ക്കെതിരേ പൊട്ടിപ്പുറപ്പെട്ട ജനരോഷം കെട്ടടങ്ങിവരുന്നതേയുള്ളു. ഖുര്‍ ആന്‍ കത്തിച്ച സംഭവത്തില്‍ പ്രസിഡന്റ് ഒബാമയും നാറ്റോ അധികൃതരും ഖേദം പ്രകടിപ്പിക്കുകയുണ്ടായി. അഫ്ഗാനിസ്ഥാനില്‍ നടന്ന പ്രതിഷേധപ്രകടനങ്ങളില്‍ 30പേര്‍ക്ക് ജീവഹാനി നേരിട്ടു. ആറു യുഎസ് സൈനികരെ അഫ്ഗാന്‍ ഭടന്മാര്‍ വെടിവച്ചുകൊന്നു.