അഫ്ഗാനിസ്ഥാനില്‍ യു.എസ്. വിരുദ്ധ വികാരം ആളിക്കത്തുന്നു

single-img
12 March 2012

യുഎസ് സൈനികന്‍ കഴിഞ്ഞദിവസം 16 അഫ്ഗാന്‍ ഗ്രാമീണരെ വെടിവച്ചുകൊന്ന സംഭവത്തിനു പ്രതികാരം ചെയ്യുമെന്നു താലിബാന്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ യുഎസ് സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അഫ്ഗാനിസ്ഥാനിലുള്ള സൈനികരും മറ്റ് അമേരിക്കക്കാരും വേണ്ട മുന്‍കരുതലെടുക്കണമെന്ന് കാബൂളിലെ യുഎസ് എംബസിയും യുഎസ്-നാറ്റോ കമാന്‍ഡും നിര്‍ദേശം നല്‍കിയെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു. താലിബാന്റെ ശക്തികേന്ദ്രമായ കാണ്ഡഹാര്‍ പ്രവിശ്യയിലാണ് ഞായറാഴ്ച പുലര്‍ച്ചെ ഒരു യുഎസ് ഭടന്‍ സൈനികത്താവളത്തില്‍ നിന്നു പുറത്തുകടന്നു ഗ്രാമീണരെ വെടിവച്ചുവീഴ്ത്തിയത്. മരിച്ച 16 പേരില്‍ ഒമ്പതു കുട്ടികളും മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു. കൂടുതല്‍ സൈനികര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി അഫ്ഗാന്‍ അധികൃതര്‍ സംശയം പ്രകടിപ്പിച്ചു. പ്രസിഡന്റ് ഒബാമ അഫ്ഗാന്‍ പ്രസിഡന്റ് കര്‍സായിയെ വിളിച്ചു ഖേദപ്രകടനം നടത്തുകയും അന്വേഷണം നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.