വി.എസ്. വീണ്ടും വിവാദത്തില്‍

single-img
11 March 2012

സിപിഎം വിട്ട മുന്‍ എസ്എഫ്‌ഐ നേതാവ് സിന്ധു ജോയിക്കെതിരേ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം പരക്കേ വിവാദമു യര്‍ത്തി. പല തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന അഭിസാരികയെപ്പോലെയാണു സിന്ധു ജോയിക്കു കോണ്‍ഗ്രസിലെ സ്ഥാനമെന്നാണ് ഇന്നലെ ആലുവ ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ വിഎസ് പറഞ്ഞത്. ഇപ്പോള്‍ സിന്ധുവിനെ പുറത്തു കാണാനില്ലെന്നും പ്രതിപക്ഷ നേതാവു സൂചിപ്പിച്ചു.

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴും സിന്ധു ജോയിയെക്കുറിച്ചു വിഎസിന്റെ പരാമര്‍ശിച്ചു. ”ശെല്‍വരാജിനെ ചാക്കിട്ടു പിടിച്ചതുപോലെ, എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫ് മുമ്പും ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തു സിന്ധു ജോയിയെ ഇത്തരത്തില്‍ ചാക്കിട്ടു പിടിച്ചതാണ്. എന്നാല്‍, സിന്ധു ജോയി ഇപ്പോള്‍ എവിടെയാണെന്നു നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണം. ശെല്‍വരാജിനും ഈ അവസ്ഥതന്നെയുണ്ടാകും. സിപിഎം വിട്ടുവരുന്നവരെ ഒരു തവണ ഉപയോഗിച്ച ശേഷം തള്ളുകയാണു യുഡിഎഫ് ചെയ്യുന്നത്”- വിഎസ് പറഞ്ഞു.

അതേസമയം സിന്ധു ജോയിയെക്കുറിച്ചു താന്‍ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണു ചെയ്തതെന്നു വി.എസ്. അച്യുതാനന്ദന്‍. ഇന്നലെ വൈകുന്നേരം ആലുവയില്‍ മാധ്യമങ്ങളോടു സംസാരിക്കവേയാണു വിഎസ് രാവിലെ പറഞ്ഞ കാര്യങ്ങള്‍ തിരുത്തിയത്. തങ്ങളോടൊപ്പം നിന്നപ്പോള്‍ മാന്യമായ സ്ഥാനവും മത്സരിക്കാന്‍ സീറ്റും സിന്ധു ജോയിക്കു കൊടുക്കുകയാണു ചെയ്തത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ കറിവേപ്പില പോലെ തള്ളിയ യുഡിഎഫ് സംസ്‌കാരത്തെപ്പറ്റിയാണു താന്‍ പറഞ്ഞത്. സിന്ധു ജോയി ഇതിനുദാഹരണമാണെന്നാണു താന്‍ പറഞ്ഞതെന്നു വിഎസ് വിശദീകരിച്ചു.