ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി: ഡല്‍ഹിയില്‍ കൂടിയാലോചനകള്‍ മുറുകുന്നു

single-img
11 March 2012

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവും ഇന്നലെ ഒരു പകല്‍ മുഴുവന്‍ ചര്‍ച്ചകളില്‍ മുഴുകിയെങ്കിലും ഫലമുണ്ടായിട്ടില്ല. രാത്രി വൈകിയും ചര്‍ച്ചകളും കൂടിയാലോചനകളും പുരോഗമിക്കുകയാണ്. രൂക്ഷമായ ഗ്രൂപ്പുപോരാണു മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനു പ്രധാന തടസം. മുതിര്‍ന്ന നേതാക്കളായ കേന്ദ്രമന്ത്രി ഹരീഷ് റാവത്, ലോക്‌സഭാംഗം വിജയ് ബഹുഗുണ എന്നിവര്‍ ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ചൗധരി ബിരേന്ദര്‍ സിംഗുമായി ചര്‍ച്ച നടത്തി. രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ച കേന്ദ്രമന്ത്രി ഗുലാംനബി ആസാദിന്റെ വസതിയിലായിരുന്നു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആസാദിനെ ധരിപ്പിച്ചതായി റാവത്ത് പിന്നീടു മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണം മാത്രമല്ല, അതു മുന്നോട്ടുകൊണ്ടുപോകാനുള്ള വഴികള്‍കൂടിയാണു ചര്‍ച്ചയില്‍ പങ്കുവച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.