അനൂപ് ജേക്കബിന്റെ സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവച്ചതായി ആരോപണം

single-img
11 March 2012

പിറവം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാര്‍ഥി അനൂപ് ജേക്കബ് സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവെച്ചതായി ആരോപണം. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി രണ്ടില്‍ തനിക്കെതിരേ നിലവിലുളള കേസിനെക്കുറിച്ചാണ് അനൂപ് പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചതായി ആരോപണമുയര്‍ന്നിരിക്കുന്നത്.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എറണാകുളത്ത് വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗതടസം സൃഷ്ടിച്ചതിന്റെ പേരില്‍ അനൂപ് ഉള്‍പ്പെടെ 14 പേര്‍ക്കെതിരേയായിരുന്നു സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഐപിസി 143, 147, 188, 149 വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. 740/2007 എന്ന ക്രൈം നമ്പരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അനൂപ് അഞ്ചാം പ്രതിയാണ്.

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിലവിലുള്ള ഒരു കേസിന്റെ വിവരം മാത്രമാണ് അനൂപ് സൂചിപ്പിച്ചിരിക്കുന്നത്. ഈ കേസ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും അനൂപ് വ്യക്തമാക്കിയിട്ടുണ്ട്.