“പട്ടം പറത്തുന്ന പെൺകുട്ടി“ പ്രദർശിപ്പിച്ചു

single-img
10 March 2012

ബീന അനിത

വർണ്ണപ്രപ‌‌‌‌‌ഞ്ചത്തെ കാൻവാസിലേക്കാവാഹിച്ച് അകാലത്തിൽ പൊലിഞ്ഞ റ്റി.കെ.പത്മിനിക്ക് ഓർമത്തുണ്ടുകൾ നിറഞ്ഞ മുപ്പത് മിനിറ്റുകൾ കൊണ്ട് ഒരു ശ്രദ്ധാജ്ഞലി.ചെറുപ്രായത്തിൽ തന്നെ ചിത്രകലയിൽ തന്റേതായൊരു ഇടം നേടിയെടുത്തിട്ടും കാലപ്രവാഹത്തിൽ അർഹമായ ശ്രദ്ധ ലഭിക്കാതെ പോയ പത്മിനിയെ കുറിച്ച് “പട്ടം പറത്തുന്ന പെൺകുട്ടി” എന്ന പേരിൽ നിർമ്മിച്ച ഡോക്യുമെന്ററി പ്രസ്സ് ക്ലബ്ബ് ഹാളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.ഇൻഫർമേഷൻ ഓഫീസറായ വാൾട്ടർ ഡിക്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പാണ്.

പുരുഷ കേന്ദ്രീകൃതമായ ചിത്രരചനാ ലോകത്തു സ്വന്തമായൊരു വേദി സന്വാദിച്ച പത്മിനി തന്റെ ചിത്രങ്ങളിലൂടെ സ്ത്രീസമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ പുറം ലോകത്തിനു കാട്ടിക്കൊടുക്കുകയാണ് ചെയ്തത്.ഹൈദരാബാദിലെ സലർ ജംഗ് മ്യൂസിയം,ചെന്നൈയിലെ നാഷണൽ ഗാലറി ഓഫ് ആർട്ട്സ്,കൊച്ചിയിലെ കേരള ലളിത കല അക്കാദമി ദർബാർ ഹാൾ എന്നിവിടങ്ങളിൽ അവരുടെ ചിത്രങ്ങൾ പ്രദർശ്നത്തിനുണ്ട്.പത്മിനിയെ പോലെ ഒരു പ്രതിഭയെ മറവിയിലേക്കു ഒതുക്കി നിർത്താവുന്നതല്ലെന്നു ഈ ഡോക്യുമെന്ററി നമ്മെ ഓർമപ്പെടുത്തുന്നു.കവിയും ഗാനരചയിതാവുമായ വി.ആർ.സന്തോഷ് തിരക്കഥ എഴുതിയിരിക്കുന്ന ഈ ചിത്രം പത്മിനിയെ അടുത്തറിഞ്ഞവരുടെ അനുഭവങ്ങളാണ് മുഖ്യമായും പങ്കുവെക്കുന്നത്.