ജയിലില്‍ കഞ്ചാവ് വേണമെന്നു ഗോവിന്ദച്ചാമി

single-img
9 March 2012

ട്രെയിന്‍ യാത്രയ്ക്കിടെ സൗമ്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി കഞ്ചാവ് ആവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്കു കത്ത് നല്‍കി. ജയില്‍ ചരിത്രത്തില്‍ തന്നെ തടവുകാരില്‍ നിന്നു ലഭിക്കുന്ന വിചിത്രമായ കത്താണിതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദിവസവും കഞ്ചാവ് ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടുണെ്ടന്നാണ് അസി. ജയിലര്‍ മുഖേന ഗോവിന്ദച്ചാമി ജയില്‍ സൂപ്രണ്ടിനു നല്‍കിയ കത്തില്‍ പറയുന്നത്. നിങ്ങള്‍ക്കു നല്‍കാന്‍ പറ്റില്ലെങ്കില്‍ തന്റെ അഭിഭാഷകനായ ബി.എ ആളൂരിനെ ബന്ധപ്പെട്ടു കോടതി ഉത്തരവ് സമ്പാദിച്ച് കഞ്ചാവ് എത്തിക്കണമെന്നും സൂപ്രണ്ടിന് നല്‍കിയ കത്തില്‍ ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ചട്ടപ്രകാരം കഞ്ചാവ് നല്‍കാനാവില്ലെന്ന് ഗോവിന്ദച്ചാമിയെ പറഞ്ഞു മനസിലാക്കുമെന്നും ഇപ്പോള്‍ നല്‍കിവരുന്ന കൗണ്‍സലിംഗ് തുടരുമെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.

പ്രഭാത ഭക്ഷണമായി ഇഡലിയോ ദോശയോ വേണമെന്നും ഉച്ചയ്ക്കു ബിരിയാണിയും വൈകുന്നേരം പൊറോട്ടയും കോഴിക്കറിയും നല്‍കണമെന്നുമാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം. ഇതോടൊപ്പം തമിഴ്‌നാട്ടിലെ ഭക്ഷണമായ പൊങ്കലും എത്തിക്കണമെന്നും ഗോവിന്ദച്ചാമി ആവശ്യപ്പെടുന്നു. പത്താം ബ്ലോക്കിലെ ഡി ബ്ലോക്കില്‍ സി-46 നമ്പര്‍ തടവുകാരനായ ഗോവിന്ദച്ചാമി തന്നെ വിയ്യൂര്‍ ജയിലിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് രണ്ടു ദിവസം മുമ്പ് കത്തു നല്‍കിയിരുന്നു.