ബാദലിനു റിക്കാര്‍ഡ്; മുഖ്യമന്ത്രിപദത്തില്‍ അഞ്ചാംവട്ടം

single-img
8 March 2012

പഞ്ചാബില്‍ പ്രകാശ് സിംഗ് ബാദല്‍തന്നെ മുഖ്യമന്ത്രിയായി തുടരുമെ ന്നു ശിരോമണി അകാലിദള്‍ വ്യക്തമാക്കി. എണ്‍പത്തഞ്ചുകാരനായ പ്രകാശ്‌സിംഗ് ബാദല്‍ അഞ്ചാംവട്ടം മുഖ്യമന്ത്രി സ്ഥാനത്തെത്തി റിക്കാര്‍ഡിട്ടിരിക്കുകയാണ്. പതിന്നാലിനായിരിക്കും സത്യപ്രതിജ്ഞ. പ്രകാശ്‌സിംഗിന്റെ മകനും ശിരോമണി അകാലിദള്‍ പ്രസിഡന്റുമായ സുഖ്ബീര്‍ സിംഗ് ബാദലാണ് ഇക്കാര്യം അറിയിച്ചത്.

1966ല്‍ പഞ്ചാബ് സംസ്ഥാനം പുനഃസംഘടിപ്പിച്ചശേഷം മാറിമാറിയുള്ള ഭരണമെന്നതിനു വിരുദ്ധമായി, അധികാരം നിലനിര്‍ത്താനായത് അകാലിദള്‍-ബിജെപി സഖ്യത്തിനു ചരിത്രനേട്ടമായിരുന്നു. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും പിതാവിനാണെന്ന് ഉപമുഖ്യമന്ത്രികൂടിയായ സുഖ്ബീര്‍ പറഞ്ഞു. മന്ത്രിസഭാംഗങ്ങളുടെ കാര്യം പിതാവ് തീരുമാനിക്കും. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ആശയക്കുഴപ്പമില്ലെന്നും ബിജെപിയും അകാലിദളും ഇതുസംബന്ധിച്ചു തീരുമാനം എടുക്കുമെന്നും സുഖ്ബീര്‍ വ്യക്തമാക്കി.

1970-71, 1977-80, 1997-2002, 2007-2012 കാലഘട്ടങ്ങളിലാണു പ്രകാശ് സിംഗ് ബാദല്‍ ഇതിനുമുമ്പ് മുഖ്യമന്ത്രി പദത്തില്‍ ഇരുന്നത്.