പോലീസ് മര്‍ദനം; അഭിഭാഷകരുടെ മാര്‍ച്ച് നിയമവിരുദ്ധമെന്ന് പോലീസ്

single-img
8 March 2012

സിറ്റി സെഷന്‍സ് കോടതി പരിസരത്തു മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരേ അക്രമം നടത്തിയ അഭിഭാഷകരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നു നഗരത്തില്‍ പ്രകടനം നടത്താനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നു പോലീസ്. ജില്ലയില്‍ 144 പ്രഖ്യാപിച്ചതിനാല്‍ കൂട്ടംകൂടുന്നതും പ്രകടനം നടത്തുന്നതും പോലീസ് നിരോധിച്ചിട്ടുണ്ട്.

അനധികൃത ഖനനകേസില്‍ റിമാന്‍ഡിലായിരുന്ന മുന്‍ മന്ത്രി ജി.ജനാര്‍ദനറെഡ്ഡിയെ ബാംഗളൂര്‍ സെഷന്‍സ്‌കോടതി മന്ദിരത്തിലെ പ്രത്യേക സിബിഐകോടതിയില്‍ ഹാജരാകുന്നതു റിപ്പോര്‍ട്ടുചെയ്യാന്‍ രണ്ടാം തീയതി സെഷന്‍സ് കോടതി പരിസരത്തെത്തിയ വനിതകളുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെയാണ് അഭിഭാഷകര്‍ ആക്രമിച്ചത്. കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു വിഭാഗം അഭിഭാഷകര്‍ പ്രവേശനം നിഷേധിച്ചിരുന്നെങ്കിലും ജനാര്‍ദനറെഡ്ഡിക്കെതിരായ കേസ് നടക്കുന്ന നാലാംനിലയിലെ അഡീഷണല്‍ സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിഹാളില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയത് അഭിഭാഷകരെ പ്രകോപിപ്പിച്ചു. ഇതിനിടെ, തങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ നടത്തിയ റോഡ് ഉപരോധസമരം മോശമായി റിപ്പോര്‍ട്ടു ചെയ്‌തെന്ന് ആരോപിച്ച് ഒരു സംഘം അഭിഭാഷകന്‍ മാധ്യമപ്രതിനിധിയുമായി കയര്‍ത്തു. പിന്നീടു മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ വളഞ്ഞുവച്ച് ആക്രമിക്കുകയുമായിരുന്നു.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രമേഷ് അടക്കം 30 പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. കോടതിപരിസരത്തു നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനങ്ങള്‍ അഭിഭാഷകര്‍ അഗ്നിക്കിരയാക്കി. ഒരു കന്നഡ ചാനലിന്റെ ഒബിവാനും 10 കാറുകളും 15 ബൈക്കുകളും ഇവര്‍ തകര്‍ത്തു. ഇതേക്കുറിച്ചു ജുഡീഷല്‍ അന്വേഷണം നടന്നുവരികയാണ്.