പ്രധാനമന്ത്രിസ്ഥാനത്ത് മാറ്റമുണ്ടാകില്ല; സോണിയ

single-img
7 March 2012

നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റെങ്കിലും തെരഞ്ഞെടുപ്പു ഫലം കേന്ദ്രസര്‍ക്കാരിനു പ്രതിസന്ധിയുണ്ടാക്കില്ലെന്നും ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി തുടരുമെന്നും സോണിയ പറഞ്ഞു.

പ്രധാനമന്ത്രിയെ മാറ്റുന്ന കാര്യം അജന്‍ഡയിലേയില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ആരായിരിക്കും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. പൊതുതെരഞ്ഞെടുപ്പിന് ഇനിയും ഏറെ സമയമുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്യാന്‍ എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷം പത്രലേഖരോട് സംസാരിക്കുകയായിരുന്നു സോണിയ. പതിവിലേറെ ഉന്മേഷവതിയായിരുന്ന സോണിയ, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഹിന്ദിയിലും ഇംഗ്ലീഷിലും അനായാസേന മറുപടി പറഞ്ഞ് ശ്രദ്ധനേടുകയും ചെയ്തു. ജനവിധി അംഗീകരിക്കുന്നുവെന്നുസോണിയാ ഗാന്ധി പറഞ്ഞു.

ജയിച്ചാലും തോറ്റാലും എല്ലാ തെരഞ്ഞെടുപ്പും ഓരോ പാഠങ്ങളാണ്. സ്ഥാനാര്‍ഥി നിര്‍ണയവും സംഘടനാ ദൗര്‍ബല്യവു മാണ് ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരിച്ചടിക്കുകാരണമായത്. വിലക്കയറ്റവും തിരിച്ചടിക്കു കാരണമായിട്ടുണ്ടാകാം. സ്ഥാനാര്‍ത്ഥി നിര്‍ണയിച്ചതില്‍ അപാകതപറ്റിയത് പലയിടത്തും റിബല്‍ സ്ഥാനാര്‍ത്ഥികളെ സൃഷ്ടിച്ചു. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സര്‍ക്കാരില്‍ കടുത്ത നിരാശരായിരുന്നു. ബദലായി അവര്‍ കണ്ടത് സമാജ്‌വാദി പാര്‍ട്ടിയെയാണ്. നിശ്ചയമായും തിരുത്തല്‍ നടപടികളുണ്ടാകുമെന്നും അതിനുവേണ്ടി സഹപ്രവര്‍ത്തകരുമായി ആലോചിച്ച് എന്തു വേണമെന്നു തീരുമാനിക്കുമെന്നും അവര്‍ അറിയിച്ചു.