കപ്പലിലെ ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് പിടിക്കപ്പെടുമെന്ന ഭയത്താല്‍

single-img
7 March 2012

മത്സ്യത്തൊഴിലാളികളുടെ ബോട്ടിലിടിച്ച എംവി പ്രഭുദയ എന്ന ഇന്ത്യന്‍ കപ്പലില്‍നി ന്നു കടലില്‍ ചാടിയതു കപ്പലിലെ സെക്കന്‍ഡ് ഓഫീസര്‍ തിരുവനന്തപുരം അമ്പലമുക്ക് മുല്ലശേരി ടിസി 5/1643 വീട്ടില്‍ പ്രശോഭ് സുഗതനാണെന്നു വ്യക്തമായി. അപകട സമയത്ത് കപ്പലിന്റെ നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് പ്രശോഭാണെന്ന് അന്വേഷണ സംഘത്തിനു മനസിലായിട്ടുണ്ട്.

കപ്പലിന്റെ ക്യാപ്റ്റന്‍ കഴിഞ്ഞുള്ള സ്ഥാനമാണു സെക്കന്‍ഡ് ഓഫീസര്‍ക്ക്. രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെയാണ് സെക്കന്‍ഡ് ഓഫീസറുടെ ഡ്യൂട്ടി സമയം. ഈ സമയത്ത് എന്തു സംഭവിച്ചാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സെക്കന്‍ഡ് ഓഫീസര്‍ക്കാണ്. 12.45നാണ് അപകടം നടന്നതെന്നാണ് ഇതു സംബന്ധിച്ച് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നീണ്ടകരയില്‍ മറൈന്‍ എന്‍ഫോഴ്‌സമെന്റ് ഓഫീസില്‍ അപകടവിവരം അറിയുന്നത് 2.10 നാണ്.

അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം തന്നിലേക്കു വന്നുചേരുമെന്നു ഭയന്നു പ്രശോഭ് കടലില്‍ ചാടിയതായിരിക്കാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സംഭവത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമാകണമെങ്കില്‍ പ്രശോഭിനെ വിശദമായി ചോദ്യം ചെയ്യണം.