തെരഞ്ഞെടുപ്പ് ദേശീയപാര്‍ട്ടികള്‍ക്കു തിരിച്ചടി

single-img
7 March 2012

ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും തലവേദനകള്‍ കൂട്ടും. യുപിയില്‍ ബിജെപിക്കു നേരിയ തോതിലെങ്കിലും സീറ്റു കുറഞ്ഞതു പക്ഷേ, കോണ്‍ഗ്രസിന് ആശ്വാസമായി. ഹിന്ദുത്വ വര്‍ഗീയതയ്ക്കും മുസ്‌ലിം പ്രീണനത്തിനും ഒരുപോലെ ജനം കനത്ത തിരിച്ചടി നല്‍കിയതും എല്ലാ സംസ്ഥാനങ്ങളിലും മതേതരത്വത്തിനു വലിയ പിന്തുണ കിട്ടിയതും ഈ തെരഞ്ഞെടുപ്പിന്റെ നേട്ടമായി.

യുപിഎ സര്‍ക്കാരിന് ഉടന്‍ ഭീഷണി ഉയര്‍ത്താനോ, 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാകാനോ ഇന്നലത്തെ ഫലങ്ങള്‍ വഴിതെളിച്ചേക്കില്ല. സങ്കീര്‍ണവും കൗതുകകരവുമായ ചിത്രമാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇനി ദൃശ്യമാകുക. എങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ സമാജ്‌വാദിയും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കും സമ്മര്‍ദരാഷ്ട്രീയത്തിനും വാതില്‍ തുറക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് ഇടതുപാര്‍ട്ടികളുടെ സഹായത്തോടെ മൂന്നാം മുന്നണി രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ പുനഃരുജ്ജീവിപ്പിക്കപ്പെടുകയും ചെയ്യും. എന്നാല്‍ 2009-ല്‍ മായാവതിയെയും ജയലളിതയെയും മറ്റും കൂട്ടി നടത്തിയ മൂന്നാം മുന്നണി പരീക്ഷണം തകര്‍ന്നതും സമാജ്‌വാദി പാര്‍ട്ടിയുടെ അന്നത്തെ നിലപാടും പുതിയ മൂന്നാംമുന്നണി രൂപീകരണം ദുഷ്‌കരമാക്കുന്നുണ്ട്.