ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സ ഇന്ന് ലെവര്‍കൂസനെതിരേ

single-img
7 March 2012

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ ഇന്ന് രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബ് ബയര്‍ ലെവര്‍കുസനെ നേരിടും. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബാഴ്‌സലോണ വിജയിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ ഗ്രീക്ക് ക്ലബ് നികോസിയ ഫ്രഞ്ച് ക്ലബ് ലിയോണിനെതിരേ ഇറങ്ങും.

ഇന്നത്തെ മത്സരം സ്വന്തം തട്ടകമായ ന്യൂകാമ്പിലാണെന്നത് ബാഴ്‌സലോണയ്ക്ക് അനുകൂലമാണ്. സ്പാനിഷ് ലീഗില്‍ റയലിനേക്കാള്‍ പത്തു പോയിന്റ് പിന്നിലുള്ള ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. ലെവര്‍കൂസന്റെ തട്ടകമായ ബെഅരീനയില്‍ നടന്ന മത്സരത്തില്‍ 3-1 ന്റെ ജയം നേടാനായത് ബാഴ്‌സലോണയ്ക്കു മുന്‍തൂക്കം നല്കുന്നു. ചിലി താരം അലക്‌സിസ് സാഞ്ചസിന്റെ ഇരട്ട ഗോളായിരുന്നു നിലവിലെ ചാമ്പ്യന്മാര്‍ക്കു ജയമൊരുക്കിയത്.

അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയും അന്ന് ഗോള്‍ നേടി. ജര്‍മന്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ലെവര്‍കൂസന്‍. കഴിഞ്ഞ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ 2-0 നു കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ജര്‍മന്‍ ക്ലബ് ന്യൂകാമ്പിലെത്തുക.