ആറ്റുകാലമ്മയ്ക്ക് പ്രായശ്ചിത്ത നിവേദ്യമായി അട്ടക്കുളങ്ങര വനിതാ ജയിലില്‍ പൊങ്കാല

single-img
7 March 2012

ചെയ്തുപോയ തെറ്റുകള്‍ക്കുള്ള പ്രായശ്ചിത നിവേദ്യമായി അട്ടക്കുളങ്ങര വനിതാ ജയിലിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പൊങ്കാലയടുപ്പുകള്‍ക്ക് തീയ് പകര്‍ന്നു. കുളിച്ച് ഈറനുടുത്ത വനിതാ തടവുകാര്‍ പോലീസുകാരുടെ സഹായത്തോടെ അമ്മയ്ക്ക് പൊങ്കാല നിവേദിച്ചു.

വനിതാ ജയില്‍ അട്ടക്കുളങ്ങരയിലേക്കു മാറ്റിയതിനു ശേഷമുള്ള ആദ്യത്തെ പൊങ്കാലയെന്ന പ്രത്യേകതയായിരുന്നു ഈ വര്‍ഷം. അതു നന്നായിതന്നെ ആഘോഷിക്കുവാന്‍ തടവുകാര്‍ തീരുമാനിക്കുകയായിരുന്നു. അതിനുവേണ്ട എന്തു സഹായവും നല്‍കാന്‍ ജയില്‍ സൂപ്രണ്ട് നസീറബീവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തയ്യാറായിരുന്നു.

തടവുകാര്‍ക്ക് പൊങ്കാലയിടുവാനുള്ള വന്‍ സന്നാഹമാണ് ജയില്‍ കോമ്പൗണ്ടില്‍ ജയിലധികൃതര്‍ ഒരുക്കിക്കൊടുത്തത്. ജയില്‍വാസമനുഭവിക്കുന്നവരുടെ സ്വപ്‌നമായി മാത്രം ആഘോഷങ്ങള്‍ മാറുമ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു രീതി കാട്ടിക്കൊടുത്തു ശ്രദ്ധേയരാവുകയായിരുന്നു പൂജപ്പുര വനിതാ ജയിലിലെ ഉദ്യോഗസ്ഥരും അന്തേവാസികളും. പൊങ്കാല നിവേദിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനുള്ളിലെ പല ഭാരങ്ങളും ഇറക്കിവച്ച ആശ്വാസം തടവുകാരുടെ മുഖത്ത്. അതിനു കാരണമായെന്ന ചാരിതാര്‍ത്ഥ്യം നസീറാബീവിയുള്‍പ്പെടെയുള്ളവര്‍ക്കും.