സംസ്ഥാന ഫലങ്ങള്‍ തകിടം മറിയുന്നു; യു.പിയില്‍ രാഹുല്‍ മാജിക്കില്ല

single-img
6 March 2012

യുപിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വന്‍ പ്രചാരണം കോണ്‍ഗ്രസ് സംഘടിപ്പിച്ചുവെങ്കിലും രാഹുല്‍ മാജിക്ക് പ്രതീക്ഷിച്ചതുപോലെ ഫലിച്ചില്ലെന്നതാണ് സംസ്ഥാനത്തെ ഫലം നല്കുന്ന സൂചന. പ്രതീക്ഷിച്ചിരുന്നതുപോലെ ഉത്തര്‍പ്രദേശില്‍ മുലായംസിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിക്ക് (എസ്പി) മുന്നേറ്റം. അതേസമയം, പഞ്ചാബിലും ഉത്തരാഖണ്ഡിലും ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്നു. ഇരു സംസ്ഥാനങ്ങളിലെയും ഭരണം ആരുനേടുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. എന്നാല്‍ മണിപ്പൂരില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഗോവയില്‍ ബിജെപിക്കാണ് മുന്നേറ്റം.

403 അംഗ യുപി നിയമസഭയില്‍ മുന്നേറ്റം തുടരുകയാണെങ്കിലും എസ്പിക്ക് ഒറ്റയ്ക്കു ഭരണം പിടിക്കാന്‍ കഴിയില്ലെന്നുതന്നെയാണ് സൂചന. കേവല ഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവെങ്കിലും പാര്‍ട്ടിക്ക് നേരിടേണ്ടിവരും. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തി പ്രവചനങ്ങളെ അട്ടിമറിക്കുമെന്ന് സൂചന നല്‍കിയെങ്കിലും പന്നീട് ഭരണകക്ഷിയായ ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി)യും കോണ്‍ഗ്രസും മുന്നേറി. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കവേ ബിഎസ്പി നൂറിലധികം സീറ്റുകള്‍ നേടുമെന്നാണ് സൂചന. മൂന്നാം സ്ഥാനത്തിനായി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടത്തുന്നത്.

ആര്‍ക്കും ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടില്ലെങ്കിലും മറ്റു കക്ഷികളുടെ പിന്തുണയോടെ ഒരിക്കല്‍ കൂടി മുലായം സിംഗ് യാദവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കോണ്‍ഗ്രസ്, അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദള്‍(ആര്‍എല്‍ഡി), മുസ്‌ലീം – പന്നോക്ക പാര്‍ട്ടിയായ പീസ് പാര്‍ട്ടി എന്നിവരിലാരുടെയെങ്കിലും പിന്തുണയോടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനത്ത് സമാജ്‌വാദി പാര്‍ട്ടി(എസ്പി) അധികാരത്തിലെത്തും. ആറു സീറ്റുകളുള്ള പീസ് പാര്‍ട്ടി ഇതിനകം തന്നെ എസ്പിക്ക് പിന്തുണ അറിയിച്ചുകഴിഞ്ഞു. അതേസമയം, കേന്ദ്രത്തില്‍ ആര്‍എല്‍ഡി നേതാവ് അജിത് സിംഗ് കോണ്‍ഗ്രസിന് പിന്തുണ നല്‍കി മന്ത്രിസ്ഥാനത്തെത്തിയിട്ടുണ്‌ടെങ്കിലും തന്റെ മകന്‍ ജയന്ത് ചൗധരിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ കോണ്‍ഗ്രസിനെ വിട്ട് അജിത് സിംഗ് സമാജ് പാര്‍ട്ടിക്ക് പിന്തുണ നല്‍കിയേക്കും. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കാനും തയാറാണെന്ന് എസ്പി പരോക്ഷമായി സൂചിപ്പിച്ചുകഴിഞ്ഞു.

അതേസമയം, ഭരണമാറ്റമെന്ന പഞ്ചാബിലെ പതിവ് രീതിയില്‍ പ്രതീക്ഷയര്‍പ്പിച്ച കോണ്‍ഗ്രസിന് സംസ്ഥാനത്ത് കാലിടറി. ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ -ബിജെപി സഖ്യം വ്യക്തമായ മുന്നേറ്റമാണ് സംസ്ഥാനത്ത് കാഴ്ചവച്ചത്. എങ്കിലും ഭൂരിപക്ഷം ആരുനേടുമെന്ന് ഇപ്പോഴും വ്യക്തമല്ല. എങ്കിലും ഇവിടെ ഭരണത്തില്‍ തിരിച്ചുവരാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ മങ്ങുകയാണ്.

എന്നാല്‍, ഉത്തര്‍പ്രദേശിന്റെ ഭാഗമായിരുന്ന ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മില്‍ കടുത്ത മല്‍സരമാണ് നടക്കുന്നത്. ഏതാനും സീറ്റുകളുടെ മേല്‍ക്കോയ്മ നേടിയ ബിജെപിക്ക് ബിഎസ്പിയടക്കമുള്ള മറ്റു പാര്‍ട്ടികളുടെ പിന്തുണ കിട്ടിയാല്‍ ഭരണത്തില്‍ തുടരാനാകും. കോണ്‍ഗ്രസ് ഇവിടെ ഇത്തവണയും പ്രതിപക്ഷത്തുതന്നെ തുടരുമെന്നാണ് സൂചന. ഉത്തരാഖണ്ഡില്‍ ഭരണ വിരുദ്ധ വികാരം തണുപ്പിക്കാനായി കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ മുഖ്യമന്ത്രിയായി ബി.സി. ഖണ്ഡൂരിയെ ബിജെപി നിയമിച്ചിരുന്നു.

ഗോവയിലും ബിജെപിക്കാണ് മുന്നേറ്റം. മറ്റു കക്ഷികളുടെ പിന്തുണയോടെ ഗോവയില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും പിന്നീട് ബിജെപി മുന്നേറുകയായിരുന്നു. അതേസമയം, മണിപ്പൂരില്‍ ഒറ്റയ്ക്കു മത്സരിച്ച ഭരണകക്ഷിയായ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി.