ബോട്ടിലിടിച്ചത് പ്രഭുദയയെന്ന് സ്ഥിരീകരിച്ചു

single-img
6 March 2012

കപ്പല്‍ മത്സ്യബന്ധനബോട്ടിലിടിച്ചു മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിക്കുകയും രണ്ടുപേരെ കാണാതാകുകയും ചെയ്ത സംഭവത്തില്‍ ഇടിച്ചത് എം.വി. പ്രഭുദയ എന്ന ചരക്കു കപ്പലെന്നു സ്ഥിരീകരണം. ആലപ്പുഴ ഡിവൈഎസ്പി മഹേഷ്‌കുമാര്‍, നോര്‍ത്ത് സിഐ അജയ്‌നാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംസ്ഥാന ഫോറന്‍സിക് വിഭാഗവും ഇന്നലെ ചെന്നൈയിലെത്തി നടത്തിയ പരിശോധനയിലാണു ദുരന്തമുണ്ടാക്കിയ കപ്പല്‍ പ്രഭുദയ തന്നെയെന്ന് ഉറപ്പിച്ചത്.

കൊച്ചിയില്‍ നിന്നുള്ള മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗവും പരിശോധനയും അന്വേഷണവും നടത്തുന്നുണ്ട്. ചെന്നൈ തുറമുഖത്തു നിന്നു രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന പ്രഭുദയയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കപ്പലിന്റെ മുന്‍ഭാഗത്തും ഇടതുവശത്തും ബോട്ടുമായി കൂട്ടിയിടിച്ചതിന്റെ പാടുകള്‍ കണെ്ടത്തി. ഇടതുവശത്തു മൂന്നുമീറ്റര്‍ നീളത്തിലാണ് ഉരഞ്ഞ പാടുള്ളത്.

മുന്‍ഭാഗത്തും ഇതേരീതിയില്‍ ഉരച്ചില്‍ സംഭവിച്ചിട്ടുണ്ട്. ഇതു ബോട്ടുമായി ഇടിച്ചുണ്ടായതാണെന്നു ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. മറൈന്‍ മര്‍ക്കന്റൈല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്കിയ ഷിപ്പ് ചാര്‍ട്ട് പരിശോധനയിലും ഇടിച്ചതു പ്രഭുദയ തന്നെയാണെന്നു വ്യക്തമാകുന്നുണ്ട്.

മുംബൈ ആസ്ഥാനമായുള്ള ടൊലാനി ഷിപ്പിംഗ് കമ്പനിയുടെ ആറ് കപ്പലുകളിലൊന്നായ പ്രഭുദയയിലെ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള 25 ജീവനക്കാരില്‍ 15 പേരെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു. ഇവരാരും ഇങ്ങനെയൊരു അപകടം നടന്നതായി സ്ഥിരീകരിക്കുന്നില്ല.