എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇത്തവണ 4,70,100 പേര്‍

single-img
5 March 2012

സംസ്ഥാനം പരീക്ഷച്ചൂടില്‍ നില്‍ക്കെ വിവിധ പരീക്ഷകള്‍ക്കു തയാറെടുക്കുന്നതു പത്തു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍. ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നവര്‍ 4,70,100. കഴിഞ്ഞ തവണത്തേക്കാള്‍ 11,213 വിദ്യാര്‍ഥികളാണു കൂടുതല്‍. ഗള്‍ഫ് മേഖലയില്‍ പത്തും ലക്ഷദ്വീപില്‍ ഒന്‍പതും കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 2758 പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 27 പരീക്ഷാ കേന്ദ്രങ്ങളാണു മുന്‍വര്‍ഷത്തേക്കാള്‍ അധികമായുള്ളത്. പ്രൈവറ്റ് വിഭാഗത്തില്‍ 7023 വിദ്യാര്‍ഥികളാണു പരീക്ഷയ്ക്കു തയാറെടുക്കുന്നത്. ശനിയാഴ്ച പരീക്ഷ നടക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല.

രണ്ടു സിലബസുകളിലായാണ് പരീക്ഷ. സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തിന് പുതിയ സിലബസും, പല കാരണങ്ങളാല്‍ അപേക്ഷ ആദ്യം നിരസിക്കുകയും പിന്നീട് സ്വീകരിക്കുകയും ചെയ്തവര്‍ക്കായി പഴയ സിലബസും. മാര്‍ച്ച് 12 മുതല്‍ 26 വരെയാണു പരീക്ഷ . പിറവം തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പതിനേഴിലെ പരീക്ഷ ഇരുപത്തിയാറിലേക്കു മാറ്റിയതൊഴിച്ചാല്‍ ടൈംടേബിളില്‍ മാറ്റമില്ല. 25,000-ത്തോളം അധ്യാപകരെയാണ് ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഉത്തരക്കടലാസ് മൂല്യനിര്‍ണയം 54 കേന്ദ്രീകൃത ക്യാമ്പുകളിലായി നടക്കും. മൂല്യനിര്‍ണയത്തിനുള്ള പ്രതിഫലം വര്‍ധിപ്പിച്ചിട്ടുണ്ട്. 13,000 ത്തോളം അധ്യാപകരെയാണ് മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിട്ടുള്ളത്.