ഇറ്റാലിയന്‍ നാവികര്‍ ജയില്‍മുറിയില്‍ കയറാന്‍ വിസമ്മതിച്ചു

single-img
5 March 2012

മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ലസ്‌തോറെ മാസി മിലിയാനോ, സാല്‍വതോറെ ഗിറോണി എന്നിവര്‍ പൂജപ്പുരയിലെ ജയില്‍ മുറിയില്‍ കയറാന്‍ വിസമ്മതിച്ചു. ഇന്നലെ വൈകീട്ടാണ് ഇവര്‍ പൂജപ്പുര ജയിലിനുള്ളില്‍ പ്രവേശിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് അനുവദിച്ച മുറിയില്‍ കയാറാന്‍ നാവികര്‍ തയാറായില്ല. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാവികര്‍ പ്രതിഷേധം നടത്തിയത്. എന്നാല്‍ പുലര്‍ച്ചെ രണ്ടു മണിയോടെ ജയില്‍ അധികൃതര്‍ ബലപ്രയോഗം നടത്തുമെന്ന് സ്ഥിതി എത്തിയതോടെ നാവികര്‍ നിലപാട് മാറ്റി. തുടര്‍ന്ന് ഇവര്‍ക്ക് അനുവദിച്ച മുറിയില്‍ കയറാന്‍ നാവികര്‍ തയ്യാറായി.

പോലീസ് കസ്റ്റഡി കാലാവധി തീര്‍ന്ന നാവികരെ ഇന്നലെയാണ് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. കൊല്ലം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് എ.കെ. ഗോപകുമാറാണ് വിധി പറഞ്ഞത്. കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടിരുന്ന സൈനിക ഉദ്യോഗസ്ഥരെന്നു പരിഗണിച്ച് ഇവരെ പോലീസ് ക്ലബിലോ തിരുവനന്തപുരത്തെയോ കൊച്ചിയിലെയോ ഉള്ള ദുര്‍ഗുണപരിഹാര പാഠശാലയിലോ പാര്‍പ്പിക്കണമെന്ന പ്രതി ഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.