ഇറ്റാലിയന്‍ മന്ത്രി ജലാസ്റ്റിന്റെ കുടുംബത്തെ കാണാതെ മടങ്ങി

single-img
5 March 2012

വെടിയേറ്റു മരിച്ച ജലസ്റ്റിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താനാകാതെ ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി.മിസ്തുരയും സംഘവും ഡല്‍ഹിക്കു മടങ്ങി. സംഘവുമായി കൂടിക്കാഴ്ച നടത്താന്‍ താത്പര്യമില്ലെന്ന് ജലസ്റ്റിന്റെ കുടുംബാംഗങ്ങള്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇറ്റാലിയന്‍ സംഘം നിരാശയോടെ മടങ്ങിയത്.

പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന രണ്ട് ഇറ്റാലിയന്‍ നാവികരെയും മരിച്ച ജലസ്റ്റിന്റെ കുടുംബാംഗങ്ങളെയും കാണുന്നതിനാണ് മന്ത്രിയും സംഘവും ശനിയാഴ്ച ഉച്ചകഴിഞ്ഞു കൊല്ലത്ത് എത്തിയത്. നീതി ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാലാണ് കൂടിക്കാഴ്ച വേണെ്ടന്നു വച്ചതെന്ന് ജലസ്റ്റിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. സര്‍ക്കാരിനെയും അന്വേഷണ സംഘത്തെയും അറിയിക്കാതെ സംഘം കൊല്ലത്തു വന്നതില്‍ ദുരൂഹതയുണെ്ടന്നും അവര്‍ പറഞ്ഞു.

അതേസയമം, കൂടിക്കാഴ്ച നടക്കാത്തതില്‍ ഖേദമുണെ്ടന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി. മിസ്തുര തേവള്ളിയിലെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെ മാനിച്ചാണു കൂടിക്കാഴ്ച ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ജുഡീഷറി സ്വതന്ത്രവും സുതാര്യവുമാണെന്നും അതിനെ ബഹുമാനിക്കുന്നതായും മിസ്തുര പറഞ്ഞു. ജഡ്ജിമാര്‍ ഇരുഭാഗത്തിന്റെയും വാദമുഖങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത്. ഇതില്‍ വലിയ പ്രതീക്ഷയാണുള്ളത്. ആയുധങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ ഇറ്റാലിയന്‍ സംഘത്തിന് നിരീക്ഷകരായി അനുമതി നല്‍കിയ കോടതി തീരുമാനത്തില്‍ അതിയായ സന്തോഷമുണ്ട്. പരിശോധനയില്‍ സുതാര്യത ഉറപ്പാക്കാന്‍ ഇത് ഉപകരിക്കും.

ലോക്കല്‍ പോലീസിന്റെ പെരുമാറ്റം മാന്യമാണെന്നും പട്ടാളക്കാര്‍ക്ക് പോലീസ് കൊടുക്കുന്ന പരിഗണന പ്രശംസനീയമാണെന്നും മിസ്തുര പറഞ്ഞു. തേവള്ളിയിലെ ഹോട്ടലില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ജലസ്റ്റിന്റെ കുടുംബത്തിനും കസ്റ്റഡിയിലുള്ള നാവികര്‍ക്കുമായി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയെന്നും അദ്ദേഹം അറിയിച്ചു.