ഇടുക്കിയിലും ഉത്തരേന്ത്യയിലും ഭൂചലനം

single-img
5 March 2012

കേരളത്തിലെ ഇടുക്കിയിലും ഉത്തരേന്ത്യയില്‍ ഡല്‍ഹിയിലടക്കമുള്ള സ്ഥലങ്ങളിലും ഭൂചലനം. സ്ഥിരം ഭൂകമ്പകേന്ദ്രമായ ഇന്തോനേഷ്യയിലെ സുമാത്രയിലും ഭൂചലനമുണ്ടായി. എറണാകുളം കളമശേരിയിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇടുക്കിയെ ആശങ്കയിലാഴ്ത്തിയാണ് വീണ്ടും ഭൂചലനമനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തിയ ഭൂചലനം രാത്രി 12.17 ഓടെയാണ് അനുഭവപ്പെട്ടത്. നേരിയ ചലനമായതിനാല്‍ കാര്യമായ പ്രകമ്പനം അനുഭവപ്പെട്ടില്ല. കഴിഞ്ഞ പത്ത് മാസത്തിനിടെ ഇടുക്കിയില്‍ രേഖപ്പെടുത്തുന്ന മുപ്പത്തിമൂന്നാമത്തെ ഭൂചലനമാണിത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉളുപ്പൂണിയെന്നാണ് പ്രാഥമിക വിവരം. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ഏഴ് കിലോമീറ്റര്‍ മാത്രം അകലെയാണ് ഉളുപ്പുണി.

ഉത്തരേന്ത്യയില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് 1.10 ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഒന്നിലധികം തവണ ഭൂചലനമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 4.9, 5.2 എന്നിങ്ങനെയാണ് ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹരിയാനയിലെ ബുഹാദൂര്‍ഗഢ് ആണ് പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഹരിയാനയില്‍ ഒരു സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണെങ്കിലും കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. ഡല്‍ഹിയില്‍ ദക്ഷിണ ഡല്‍ഹിയിലാണ് പ്രകമ്പനം വ്യക്തമായി അനുഭവപ്പെട്ടത്. ഡല്‍ഹിയല്‍ പ്രകമ്പനത്തിന്റെ ആഘാതത്തില്‍ ചില മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ പ്രവര്‍ത്തനം നിലച്ചതായി അധികൃതര്‍ അറിയിച്ചു. കെട്ടിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സുമാത്രയിലെ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 5.1 ആണ് രേഖപ്പെടുത്തിയത്. അപകടമോ വലിയ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.